Connect with us

Kerala

'ധൈര്യമുള്ളവര്‍ നേര്‍ക്ക് നേരെ വാ.....'.

Published

|

Last Updated

കണ്ണൂര്‍: ഒന്നര പതിറ്റാണ്ട് മുമ്പുള്ള സായാഹ്നം തളിപ്പറമ്പ് നഗരമധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിക്കരികില്‍ ചെറിയൊരാള്‍ക്കൂട്ടം. വേദിക്ക് പിറകിലായി രണ്ട് വാന്‍ നിറയെ പോലീസ്. നേരമേറെ വൈകും മുമ്പേ വെളുത്ത അംബാസിഡര്‍ കാറില്‍ എം വി രാഘവനെത്തി. ആള്‍ക്കൂട്ടത്തിന്റെ വലുപ്പം വര്‍ധിച്ചു. ആരവങ്ങള്‍ക്കിടയില്‍ എം വി ആര്‍ പ്രസംഗം തുടങ്ങി. സി പി എമ്മിനെ കണക്കിന് പരിഹസിച്ച് കൊണ്ടായിരുന്നു തുടക്കം. പ്രസംഗം തുടരുന്നതിനിടെ സ്റ്റേജിലേക്ക് ഒരു കല്ല് വന്ന് വീണു. അത് കണക്കിലെടുക്കാതെ രാഘവന്‍ പ്രസംഗം തുടര്‍ന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ തുടരെത്തുടരെ ഏറുവന്നു. ആളുകള്‍ പരിഭ്രാന്തരായി. നേതാക്കളില്‍ ചിലരുടെ തലപൊട്ടി ചോരയൊഴുകി. ജനങ്ങള്‍ ചിതറിയോടി. എങ്ങും ബഹളവും ആക്രോശവും. പക്ഷേ സ്റ്റേജിന് മേലെ മുണ്ടും മടക്കിക്കുത്തി ഇരുമ്പ് കസേര മടക്കിപ്പിടിച്ച് കല്ലേറ് തടുത്തുകൊണ്ട് എം വി ആറെന്ന കരുത്തനായ കമ്യൂണിസ്റ്റ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു- “ധൈര്യമുള്ളവര്‍ നേര്‍ക്ക് നേരെ വാ…..”.എം വി രാഘവനെന്ന് ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവ് ഇങ്ങനെയൊക്കെയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ നിലയുറപ്പിച്ച മറ്റൊരു നേതാവ് ഒരു പക്ഷെ കേരള രാഷ്ട്രീയത്തിലുണ്ടാവില്ല. രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്ന് ഇത്രയധികം പീഡനമേല്‍ക്കേണ്ടി വന്ന മറ്റൊരാളും വര്‍ധിച്ച കരുത്തോടെ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുമുണ്ടാവില്ല.
രാഘവന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ സി എം പി രൂപവത്കരിച്ച ശേഷം പിന്നിട്ട 10 വര്‍ഷക്കാലം “ജീവന്മരണ പോരാട്ടം” തന്നെയായിരുന്നു. 1986ല്‍ സി എം പി രൂപവത്കരിക്കപ്പെട്ടതിന് കനത്ത അക്രമങ്ങളാണ് രാഘവന് നേരിടേണ്ടി വന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതലായി അക്രമങ്ങള്‍ നേരിടേണ്ടി വന്നത്.
1992ല്‍ എ കെ ജി ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ബന്ദ് പ്രഖ്യാപനം വരെയുണ്ടായി. ഇതിന് മുമ്പേ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ വെച്ച് മര്‍ദനമേറ്റെന്ന പരാതിയും രാഘവന്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ പാര്‍ലിമെന്ററി ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരത്തിലുള്ളൊരു പരാതി. 1992ലെ എ കെ ജി ആശുപത്രി തിരഞ്ഞെടുപ്പിന്റെ കാലത്താണ് സി എം പി ഏറ്റവുമധികം ഭീഷണി നേരിട്ടത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചതോടെ നാട്ടിലെമ്പാടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പറശ്ശിനിക്കടവിലെ സ്‌നേക്ക് പാര്‍ക്ക് തീവെച്ച് നശിപ്പിക്കപ്പെട്ടു. 70ല്‍ പരം സഹകരണ സംഘങ്ങളും കൊള്ളയടിക്കപ്പെട്ടു.
സി എം പിയുടെ പൊതുയോഗങ്ങള്‍ അക്രമിക്കുകയെന്നതും ഇക്കാലത്തെ സ്ഥിരം പരിപാടികളിലൊന്നായി മാറി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് അഴീക്കോട് പോര്‍ട്ടിന്റെ വികസന സെമിനാറില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴും രാഘവന്‍ അക്രമിക്കപ്പെട്ടു. രാഘവന് നേരെ ബോംബേറുണ്ടാവുകയായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷവും രാഘവനെതിരെ വ്യാപക അക്രമങ്ങളുണ്ടായി. പാപ്പിനിശ്ശേരിയിലെ രാഘവന്റെ വീട് പട്ടാപ്പകല്‍ തീവെച്ച് നശിപ്പിച്ചു.
നൂറുക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കപ്പെട്ടു. പ്രതിസന്ധികള്‍ പലതുണ്ടായിട്ടും തളരാതെ മുന്നോട്ടുപോവുകയായിരുന്നു എം വി ആറെന്ന കരുത്തനായ കമ്യൂണിസ്റ്റ്.ഏറ്റവുമൊടുവില്‍ യു ഡി എഫില്‍ നിന്നുണ്ടായ അവഗണനക്കെതിരെ കൃത്യമായി പ്രതികരിക്കാനും അദ്ദേഹം മറന്നില്ല.

Latest