Connect with us

Ongoing News

യമനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു

Published

|

Last Updated

സന്‍ആ: യമനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്(ജി പി സി)യുടെയും ഹൂത്തി വിമതരുടെയും പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങിന് പ്രസിഡന്റ് അബ്ദുല്‍റബ്ബ് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന ഏകദേശം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് അബ്ദുര്‍റബ്ബ് അല്‍ ഹാദിയുടെ പുതിയ നീക്കം യമനിലെ സംഘര്‍ഷത്തിന് ഒരു വിധത്തിലും സഹായകമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൂത്തി വിമതര്‍ പ്രക്ഷോഭവുമായി സന്‍ആയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. ദീര്‍ഘകാലമായി കാത്തിരുന്ന കാബിനറ്റ് രൂപവത്കരണത്തില്‍ തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് ജി പി സി പറഞ്ഞു. മന്ത്രിസഭാ പദവിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരോട് ഈ സ്ഥാനം രാജിവെച്ച് പോരാനും ജി പി സി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ കാബിനറ്റിനെ ഹൂത്തി വിമതരും തള്ളിക്കളഞ്ഞു. യോഗ്യരല്ലാത്തവരും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരുമായ മുഴുവന്‍ അംഗങ്ങളെയും പിരിച്ചുവിടാന്‍ നിലവിലെ കാബിനറ്റ് പിരിച്ചുവിടണമെന്നാണ് ഹൂത്തികളുടെ ആവശ്യം. സമാധാന ഉടമ്പടികളുടെ നേര്‍വിപരീതമാണ് കാബിനറ്റ് രൂപവ്തകരണമെന്നും ചില താത്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ അതിക്രമം നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.
പ്രസിഡന്റ് ഹാദിയെ അദ്ദേഹത്തിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് ജി പി സി പാര്‍ട്ടി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അലി അബ്ദുല്ല അല്‍ സ്വലാഹിനും രണ്ട് ശിയാ വിമത നേതാക്കള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇദ്ദേഹം ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

Latest