Connect with us

Kerala

കേരള കലാമണ്ഡലം 84ന്റെ നിറവില്‍

Published

|

Last Updated

ചെറുതുരുത്തി: ലോക കലാ ഭൂപടത്തില്‍ സ്ഥാനം പിടിച്ച കേരള കലാമണ്ഡലത്തിന് ഇന്നേക്ക് 84 വയസ്സ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജാവും കക്കാട്ട് കാരണവരും ഏതാനും കലാ സഹൃദരും ചേര്‍ന്ന് മഹാകവി വള്ളത്തോളിന്റെ 52-ാം ജന്മദിനത്തില്‍ മണക്കുളം മുകുന്ദ രാജാവിന്റെ വസതിയായ പംപ്ലാട്ടിലെ തെക്കിനിയില്‍ ആരംഭിച്ച ഒരു കലാ സ്ഥാപനമാണ് കേരള കലാമണ്ഡലം. 1930 നവംബര്‍ 9നായിരുന്നു കലാമണ്ഡലത്തിന്റെ തുടക്കം. പിന്നീട് സ്ഥല പരിമിതി മൂലം തൃശൂര്‍ മുളങ്കുന്നത്ത് കാവിലെ അമ്പലപുരം “ശ്രീനിവാസം” എന്ന ബംഗ്ലാവിലേക്ക് മാറ്റി. ശേഷം ചരിത്ര മുറങ്ങുന്ന നിളാ നദിയുടെ തീരം ചെറുതുരുത്തിയുടെ മണ്ണിലെത്തി.

വരേണ്യ വര്‍ഗത്തിന്റെ ആസ്വാദന ചുമരുകളില്‍ ഒതുങ്ങി നിന്നിരുന്ന ആ കലാ രൂപത്തെ ലോകത്തിന് പിന്നീട് കാഴ്ച വെച്ചത് ചെറുതുരുത്തിയുടെ മണ്ണില്‍ നിന്നായിരുന്നു. അത് കൊണ്ട് തന്നെ വിദേശ ഭൂപടത്തില്‍ പോലും കലയുടെ കല്‍പ്പിത സര്‍വകശാലയായി കലാമണ്ഡലം ഉയര്‍ന്നു. രാഷ്ട്ര തലവന്മാര്‍, ചരിത്രകാരന്മാര്‍, കലാ സാഹിത്യകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ സമുന്നതര്‍ കലാമണ്ഡലത്തിന്റെ മണ്ണില്‍ പാദം സ്പര്‍ശിക്കാത്തവരില്ലെന്നതാണ് ചരിത്രം. 1955ല്‍ ഇതിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. 1980ല്‍ സുവര്‍ണ ജൂബിലി ഇന്ദിരാ ഗാന്ധിയും.
കഥകളി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, മൃദംഗം, ചെണ്ട, മദ്ദളം തുടങ്ങിയവയാണ് ഇവിടുത്തെ പാഠ്യക്രമങ്ങള്‍. സ്വദേശികള്‍ക്ക് പുറമെ വിദേശികളും ഇവിടെ പഠിതാക്കളായി എത്തുന്നു. ഫ്രാന്‍സ്, റഷ്യ, ജര്‍മനി ഇറ്റലി ഇന്ത്യേനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടെ പഠനം നടത്തിവരുന്നു.
തൃശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ വെട്ടിക്കാട്ടിരി ചെറുതുരുത്തിക്കിടയില്‍ ഹൈവേയോരത്ത് മുപ്പത്തഞ്ചോളം ഏക്കറുകളിലായി രണ്ട് ക്യാമ്പസ് ഉള്‍പ്പെടെ 60ല്‍ പരം കെട്ടിടങ്ങളാണ് ഇന്ന് കലാമണ്ഡലത്തിനുള്ളത്. സൗത്ത് ഇന്ത്യന്‍ ആര്‍ട്‌സ് മ്യൂസിയത്തിന് പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിച്ച് വരുന്നു. 2012ല്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗായിരുന്നു പുതിയ ബ്ലോക്കിന് തറക്കല്ലിട്ടത്.
84-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് സമാപന സംഗമം കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ സി ജോസഫ്, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ്, എം ടി വാസുദേവന്‍ നായര്‍, പി കെ ബിജു എം പി, രാധാകൃഷ്ണന്‍ എം എല്‍ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക കലാ സാഹത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

Latest