Connect with us

International

യമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

സന്‍ആ: യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പാര്‍ട്ടി നേതൃത്വ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന അലി അബ്ദുല്ല സ്വലാഹിനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു എന്ന കാരണത്തിന്‍ മേലാണ് നടപടി. ഹാദിയുടെ സ്ഥാനത്തേക്ക് ഒരു സെക്രട്ടറി ജനറലിനെയും വൈസ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് രണ്ട് അംഗങ്ങളെയും നിയോഗിച്ചതായി ജനറല്‍ പ്യൂപ്പിള്‍സ് കോണ്‍ഗ്രസ് വ്യക്തമാക്കി. വര്‍ഷം നീണ്ടുനിന്ന രക്തരൂഷിത സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ 2012ല്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹ് രാജിവെക്കേണ്ടിവരുന്നു. ഇതിന് ശേഷമാണ് ഈ പദവിയിലേക്ക് മന്‍സൂര്‍ ഹാദിയെ നിയോഗിച്ചിരുന്നത്.
രാജ്യത്തിന്റെ സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാകുന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വലാഹിനെതിരെയും രണ്ട് ശിയാ ഹൂത്തി വിമത നേതാക്കള്‍ക്കെതിരെയും ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം ഉപരോധമേര്‍പ്പെടുത്തി. സൈനിക മേധാവി അബ്ദുല്‍ ഖാലിദ് അല്‍ഹൂത്തി, അബ്ദുല്ല യഹ്‌യ അല്‍ ഹാകിം എന്നിവരാണ് ഉപരോധത്തിന് കീഴില്‍ വരുന്ന ഹൂത്തി നേതാക്കള്‍. ഉപരോധമനുസരിച്ച്, ഇവരുടെ സ്വത്ത് മരവിപ്പിക്കുകയും ആഗോള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
അസ്ഥിരതക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണം സ്വലാഹ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള ഉപരോധങ്ങള്‍ യമന്റെ രാഷ്ട്രീയത്തില്‍ മോശമായ ഫലം സൃഷ്ടിക്കുമെന്ന് ഇദ്ദേഹത്തിന്റെ പാര്‍ട്ടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest