Connect with us

Kollam

എസ് ഐയുടെ അസഭ്യവര്‍ഷത്തെത്തുടര്‍ന്ന് കുഴഞ്ഞ് വീണ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കടയ്ക്കല്‍: യാത്രക്കാരുടെ മുന്നില്‍വെച്ചും, തുടര്‍ന്ന് സ്റ്റേഷനില്‍വെച്ചും കെ എസ് ആര്‍ ടി സി ഡ്രൈവറെ കടയ്ക്കല്‍ എസ് ഐ കബീര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതി. തുടര്‍ന്ന് കുഴഞ്ഞുവീണ ഡ്രൈവറെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചടയമംഗലം കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ വെള്ളാര്‍വട്ടം മംഗലത്ത് പുത്തന്‍വീട്ടില്‍ ദിനേശനെ(48)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
കടയ്ക്കല്‍ ജി എച്ച് എസ് എസിന് മുന്നില്‍ ആളിനെ കയറ്റാനായി നിര്‍ത്തിയ കെ എസ് ആര്‍ ടി സി ബസിനെ സ്വകാര്യബസ് ഓവര്‍ടേക്കിംഗ് ചെയ്യുന്നതിനിടെ ട്രാന്‍.ബസില്‍ ഉരസി. ഇതേത്തുടര്‍ന്ന് ഇരു ബസ് ജീവനക്കാരും തമ്മില്‍ സംസാരിച്ചു നില്‍ക്കവേ സിവില്‍ ഡ്രസ്സില്‍ സ്ഥലതെത്തിയ എസ് ഐ കെ എസ് ആര്‍ ടി സി ജീവനക്കാരെ തെറിവിളിച്ചെന്നാണ് പരാതി.
തുടര്‍ന്ന് ജീവനക്കാരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് വീണ്ടും തെറിവിളി തുടങ്ങിയതോടെയാണ് ഡ്രൈവര്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഡ്രൈവറെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കടയ്ക്കല്‍ ടൗണില്‍ പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സി ഐ ഹരികുമാര്‍ സി പി എം ഏരിയാ സെക്രട്ടറി എസ് വിക്രമനടക്കമുള്ള നേതാക്കളുമായി ചര്‍ച്ചനടത്തുകയും എസ് ഐക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പരിഞ്ഞുപോയി.സ്റ്റേഷനിലെത്തുന്നവരെയും മറ്റും അസഭ്യം പറയുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണെന്നും, എസ് ഐക്കെതിരെ പ്രതിഷേധിക്കുന്ന ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുക്കുന്നതായും ആരോപണമുണ്ട്.

Latest