അട്ടപ്പാടിയിലെ ശിശുമരണം: സമഗ്രകാര്‍ഷിക പദ്ധതിയും ആരോഗ്യ ‘ഭക്ഷ്യ സുരക്ഷാ പദ്ധതിയും നടപ്പാക്കണമെന്ന്

Posted on: November 9, 2014 12:35 am | Last updated: November 8, 2014 at 11:06 pm

പാലക്കാട്: അട്ടപ്പാടിയിലെ നവജാതശിശുമരണമടക്കും ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ആദിവാസി ഊര് ഭൂമി ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കണമെന്ന് ഗിരിജന്‍ സേവക് സമിതി അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നല്‍കുകയും കൃഷി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിന് നടപടി സ്വീകരിക്കണം. ആദിവാസി മേഖലയില്‍ സര്‍ക്കാറുകള്‍ വികസന ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല.
ഫണ്ട് വിനിയോഗം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്നുേേണ്ടായെന്ന് പദ്ധതി പ്രദേശത്തെ ഊര് നിവാസികള്‍ക്ക് നേരിട്ട് അന്വേഷിച്ച് വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ 19,600 ഏക്കര്‍ വന ഭൂമി പതിച്ച് നല്‍കുക. ചിണ്ടക്കി- പോത്തുപ്പാടി – വട്ടുലക്കി- കരുവാര തുടങ്ങിയ പ്രോജ്ക്ടുകളില്‍ വനാവകാശം നല്‍കണം.
മവോവാദി വേട്ടയുടെ പേരില്‍ ആദിവാസി മേഖലയില്‍ പോലീസ് രാജ് അവസാനിപ്പിക്കുക, മുത്തങ്ങയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുക. ആറളം ഫാംഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നിയിച്ചാണ് നില്‍പ്പ് സമരം നടത്തുന്നത്.
ഈ സമരം വിജയിക്കുന്നതോടെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരമാവധി പരിഹരിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ വനഭൂമിയില്‍ 10,000 ഏക്കറോളം ഭൂമി അട്ടപ്പാടി ബ്ലോക്ക്, മണ്ണാര്‍ക്കാട്, നെല്ലിയാമ്പതി തുടങ്ങി മേഖലയിലുള്ളതാണ്.
ജില്ലയിലെ ഭൂരഹിതരുടെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുതന്ന വന ഭൂമി വിതരണം വഴി സാധ്യമാകുമെന്നും ഗിരിജന്‍ സേവക് സമിതി പറഞ്ഞു.
അട്ടപ്പാടി ബ്ലോക്കില്‍ ലഭ്യമായ 8000 ഏക്കറോളം ഭൂമി അട്ടപ്പാടി ബ്ലോക്കിലെ ഭൂരഹിതരായ കുടുംബങ്ങളെ കണ്ടെത്തി നല്‍കാനും നെല്ലിയാമ്പതി മേഖലയിലെ വനഭൂമി നെല്ലിയാമ്പതിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വിതരണം ചെയ്യണം.
മതത്തിന്റെ പേരില്‍ ആദിവാസികളെ ബലിയാടാക്കി സുഖ ജീവിതം നയിക്കുന്ന പെന്തക്കോസ്ത് പോലെയുള്ള കടന്നുകയറ്റക്കാരെ നിയമപരമായി തടയണം.
ഇത്തരം കടന്നുകയറ്റം സാമൂഹ്യസംസ്‌കാരിക ആചാരാനുഷ്ഠാനശിഥിലീകരണത്തിന് കാരണമായിരിക്കുകയാണ്.
അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജ്ക്ട് അന്യാധീനപ്പെടുത്തിയിട്ടുള്ള കട്ടേക്കാട്, ചിറ്റൂര്‍, കൊറവന്‍പാടി, വെങ്കക്കടവ് ഗോത്ര ഊരുകളുടെ പാരമ്പര്യ ഊരുഭൂമിയും ശശ്മാനഭൂമിയും തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുക, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തില്‍ ഗിരിജന്‍ സേവക് സമിതിയുടെ കീഴില്‍ വനവിഭവസമാഹരണ സൊസൈറ്റിയും ഗോത്രബേങ്കും അനുവദിക്കണമെന്നും അട്ടപ്പാടിയിലെ ഗോത്രസമൂഹങ്ങളുടെ സമഗ്ര വികസന പദ്ധതികളില്‍ ഗിരിജന്‍ സേവക് സമിതിയുടെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഗിരിജന്‍ സേവക് സമിതി ആവശ്യപ്പെട്ടു.