Connect with us

Thrissur

കോള്‍ വികസനം: 7.13 കോടിയുടെ പദ്ധതി നടപ്പാക്കി

Published

|

Last Updated

തൃശൂര്‍: കോള്‍ കൃഷി വികസനത്തിനായുള്ള പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ 7.13 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായി കോള്‍ വികസന ഏജന്‍സി സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എം എസ് ജയ അറിയിച്ചു.
രാജീവ്ഗാന്ധി കൃഷിവികാസ് യോജന, ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നിവയില്‍ നിന്നുള്ള ധനസഹായം കൂടി ഉപയോഗപ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. മുല്ലശ്ശേരി കനാലിലെ പുല്ലൂറ്റ് പാലം മുതല്‍ കുമ്പിള്ളിപാലം വരെയുള്ള 900 മീറ്റര്‍ ഭാഗം പാറപൊട്ടിച്ച് ആഴംകൂട്ടിയത് അന്നകര, പറപ്പൂര്‍ എന്നിവിടങ്ങളിലെ കോള്‍ നിലങ്ങളില്‍ വര്‍ഷക്കാലത്ത് ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സഹായകമായി. കര്‍ഷകര്‍ക്ക് യഥാ സമയം കൃഷി ഇറക്കുന്നതിന് ഇതുമൂലം സാധിക്കുന്നുണ്ട്. ആകെ 1.31 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്.
ഇതിനോടനുബന്ധിച്ച് പേരാമംഗലം കനാല്‍ ആഴംകൂട്ടുന്നതിനും ഏനാമാക്കല്‍ കനാലിന് വീതികൂട്ടി ആഴം വിര്‍ധിപ്പിക്കുന്നതിനും കോട്ടച്ചാല്‍ ഇടതുബണ്ടു നിര്‍മ്മിക്കുന്നതിനുമായി 2.50 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പേരാമംഗലം കനാല്‍ ആഴംകൂട്ടിയതിനാല്‍ ചിമ്മിനി ഡാമില്‍ നിന്നുള്ള വെള്ളം കനാല്‍ വഴി വിദൂര പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് മഴക്കാലത്ത് പാടത്ത് നിറയുന്ന വെള്ളം കനാലിലൂടെ പുറത്തു കളയുന്നതിനും സഹായകമായിട്ടുണ്ട്.
വടക്കന്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പര്യാപ്ത്തമായ രീതിയിലാണ് ഈ കനാല്‍ വികസിപ്പിച്ചത്. ഇരിങ്ങാലക്കുട എം എം കനാലിലെ ഇടിഞ്ഞുപോയ ഭാഗം ബലപ്പെടുത്തുന്നതിന് 3.31 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. കരകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ബണ്ട് യാത്രായോഗ്യമാക്കാനും ഇതുമൂലം സാധിച്ചു.
മുരിയാട് പാടശേഖരത്തിലെ അധികജലം എം എം കനാല്‍ വഴി ഒഴുകി കനോലി കനാലില്‍ എത്തിക്കാന്‍ കഴിഞ്ഞത് മുരിയാട് പാടശേഖരത്തിലെ കര്‍ഷകര്‍ നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമായി. മൂന്നു പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാക്കിയതുമൂലം തൃശൂര്‍ മേഖലയിലെ കോള്‍ നിലങ്ങളില്‍ ഇരുപ്പൂ കൃഷിയിറക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.