Connect with us

Ongoing News

അരലക്ഷം കാണികള്‍; പിയേഴ്‌സന്‍ ത്രില്ലടിച്ചു

Published

|

Last Updated

സ്റ്റേഡിയം ഇരമ്പുകയായിരുന്നു. ഗാലറിയിലേക്ക് നോക്കുമ്പോള്‍ തന്നെ സിരകളില്‍ ആവേശം പടരുമായിരുന്നു. അമ്പതിനായിരത്തോളം വരുന്ന കാണികളുടെ പിന്തുണ ബ്ലാസ്റ്റേഴ്‌സിന് കരുത്തായെന്ന് പറയാതെ വയ്യ. കാണിക്കൂട്ടം പന്ത്രണ്ടാമനെ പോലെ പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞാല്‍ അത് ക്ലീഷെയാകും, പക്ഷേ സത്യം അതാണ്. കേരളക്കാരുടെ ഫുട്‌ബോള്‍ ആവേശം നേരില്‍ കണ്ടറിഞ്ഞതിന്റെ ത്രില്ല് പങ്കുവെക്കുകയായിരുന്നു സ്റ്റീഫന്‍ പിയേഴ്‌സന്‍.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോട്ടിഷ് മിഡ്ഫീല്‍ഡറാണ് പിയേഴ്‌സന്‍. എഫ് സി ഗോവക്കെതിരെ ഹോംഗ്രൗണ്ടില്‍ നേടിയ ജയം ടീമിന്റെ ആള്‍ റൗണ്ട് മികവിനുള്ള പ്രതിഫലമാണെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു. മിഡ്ഫീല്‍ഡിലും മുന്നേറ്റത്തിലും ഞങ്ങള്‍ തന്നെയായിരുന്നു മുന്‍പന്തിയില്‍. ഓരോ കളിക്കാരനും ആത്മാര്‍പ്പണം നടത്തി. പകരമെത്തിയവരാകട്ടെ അപാരമായ ഫോമിലും. മൂന്ന് പോയിന്റ് നേടിയെടുക്കാന്‍ ഓരോ കളിക്കാരനും കഠിനാധ്വാനിയായി- മുപ്പത്തിരണ്ടുകാരന്‍ വിലയിരുത്തി.
ആറടിയിലേറെ ഉയരമുള്ള പിയേഴ്‌സനായിരുന്നു ഹോംഗ്രൗണ്ടിനെ ഇളക്കിമറിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സ്വന്തം ഹാഫില്‍ നിന്ന് പന്ത് കൈക്കലാക്കിയാല്‍ പിയേഴ്‌സന്‍ ഒറ്റക്കുതിപ്പില്‍ എതിര്‍ബോക്‌സിലെത്തും.
സബീത്തിനോ ഓര്‍ജിക്കോ പ്രതിരോധ നിരയെ പിളര്‍ത്തി പാസ് നല്‍കും. സ്‌ട്രൈക്കര്‍മാര്‍ ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ മികച്ച അസിസ്റ്റുകളുടെ പേരിലെങ്കിലും പിയേഴ്‌സന്‍ കളിയിലെ താരമാകുമായിരുന്നു. ഹോം ക്രൗഡിനെ ആവേശം കൊള്ളിച്ച ഗോളിനുടമ ഗോണ്‍സാല്‍വസാണ് പിയേഴ്‌സനെ പിന്തള്ളി മാന്‍ ഓഫ് ദ മാച്ചായത്.

 

Latest