മാതൃകാ ഗ്രാമം പദ്ധതിക്ക് തുടക്കം: ജയാപൂര്‍ ഗ്രാമം മോദി ദത്തെടുത്തു

Posted on: November 8, 2014 12:33 am | Last updated: November 8, 2014 at 12:33 am

വാരാണസി: ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ വാരാണസിയിലെ ജയാപൂര്‍ ഗ്രാമത്തെ ദത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ ഗ്രാമം (സന്‍സദ് ആദര്‍ശ് ഗ്രാമം) പദ്ധതിക്ക് തുടക്കമിട്ടു. രണ്ട് ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി ജയാപൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗ്രാമത്തെ ദത്തെടുക്കുന്നതായി പ്രഖ്യാപിച്ചത്.
പെണ്‍ ഭ്രൂണഹത്യയടക്കമുള്ള തിന്‍മകളില്‍ നിന്ന് ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങള്‍ മുക്തമായിട്ടില്ല. ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ പെണ്‍കുട്ടിയുടെ ജനനം വിഷമത്തിലാഴ്ത്താറുണ്ട്. എന്നാല്‍ ജയാപൂര്‍ പെണ്‍കുട്ടികളുടെ ജനനത്തെ സന്തോഷത്തോടെയായിരിക്കും സ്വീകരിക്കുകയെന്നും മോദി പറഞ്ഞു. സ്ത്രീകളില്ലാതെ ഒരു ലോകത്തിനും നിലനില്‍പ്പ് സാധ്യമല്ലെന്നും മോദി പറഞ്ഞു.
താനല്ല ജയാപൂരിനെ ദത്തെടുത്തത്, ജയാപൂര്‍ തന്നെയാണ് ദത്തെടുത്തത്. വാരാണസിയിലെ ജനങ്ങള്‍ തന്നെ ഒരു ജനസേവകനായിട്ട് കാണണം. സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതി എംപിമാര്‍ക്കു വേണ്ടിയാണ് നടപ്പിലാക്കിയത്. അതില്‍ താനും ഭാഗമാണ്. വളരെക്കാലങ്ങള്‍ക്കു മുന്‍പേതന്നെ ജയാപൂര്‍ തന്റെ മനസ്സില്‍ ഇടം നേടിയ ഗ്രാമമാണ്. ഒരു എം പിക്ക് ഒരിക്കലും ഒരു ഗ്രാമത്തെ ദത്തെടുക്കാനാകില്ലെന്നും മറിച്ച് ഗ്രാമമാണ് എം പിയെ ദത്തെടുക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ജയാപൂര്‍ ഗ്രാമം. 2002 ല്‍ú ആര്‍ എസ് എസ് ജയാപൂര്‍ ഗ്രാമത്തെ ദത്തെടുത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
എല്ലാ പാര്‍ലിമെന്റംഗങ്ങളും അവരവരുടെ മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങള്‍ വീതം ദത്തെടുത്ത് 2016 ല്‍ അവയെ മാതൃക ഗ്രാമങ്ങളാക്കി മാറ്റണം.
2019 ആകുമ്പോള്‍ രണ്ടു ഗ്രാമങ്ങള്‍ കൂടി ദത്തെടുത്ത് ആ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പൊതുശുചിത്വ നിലവാരം ഉയര്‍ത്തുകയും ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.