പര്‍സേക്കര്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായേക്കും

Posted on: November 8, 2014 12:30 am | Last updated: November 8, 2014 at 12:30 am

Laxmikant-Parsekarപനാജി: മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരുമെന്ന് ഉറപ്പായതോടെ പുതിയ ഗോവ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ചൂടുപിടിച്ചു. പരീക്കര്‍ ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സംസ്ഥാന ആരോഗ്യമന്ത്രിയും ബി ജെ പിയിലെ മുതിര്‍ന്ന നേതാവുമായ ലക്ഷ്മീകാന്ത് പര്‍സേക്കറിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. താന്‍ രാജിവെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ പരീക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാന എം എല്‍ എമാരുമായും മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ ആരോഗ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സ്പീക്കര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. ഇതില്‍ നിന്നായിരിക്കും ഇന്ന് നടക്കുന്ന പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. ലക്ഷ്മീകാന്ത് പര്‍സേക്കറിന് തന്നെയായിരിക്കും നറുക്കുവീഴുകയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രാജീവ് പ്രതാപ് റൂഡിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ഏത് തീരുമാനവും തങ്ങള്‍ അംഗീകരിക്കുമെന്ന് പരേസ്‌ക്കര്‍ പറഞ്ഞു. എന്ത് തീരുമാനമുണ്ടായായാലും അത് ഏകകണ്‌ഠേനയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ എം എല്‍ എമാരുടെ യോഗത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം പറഞ്ഞു.