തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നു

Posted on: November 8, 2014 12:42 am | Last updated: November 7, 2014 at 9:02 pm

തൃക്കരിപ്പൂര്‍: ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ അടിപ്പാത നിര്‍മാണം പരിഗണനയിലുണ്ടന്ന് പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് മാനേജര്‍ മോഹന്‍ എ മേനോന്‍ അറിയിച്ചു.
പയ്യന്നൂര്‍ ഗസ്റ്റ് ഹൗസില്‍ പി കരുണാകരന്‍ എം പി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് സ്റ്റേഷന്റെ അടിസ്ഥാന വികസനവും റോഡ് ഗതാഗതത്തിനും മുതല്‍ കൂട്ടാവുന്ന പദ്ധതികള്‍ക്ക് റെയില്‍വെ അനുമതി നല്‍കിയത്. സ്റ്റേഷന്റെ വടക്ക് ഭാഗത്തുള്ള ഓവുചാല്‍ വികസിപ്പിച്ച് ചെറിയ വാഹങ്ങള്‍ കടന്നു പോകുന്നതിനായി റെയില്‍വെ സമ്മതിച്ചിരുന്നെങ്കിലും എന്‍ജിനീയറിംഗ് വിഭാഗം സാങ്കേതിക വിഷയങ്ങള്‍ ഉന്നയിച്ച് തടസ്സപെടുത്തുകയായിരുന്നു. ഇതിനായി പഞ്ചായത്ത് എസ്റ്റിമേറ്റും സമര്‍പ്പിച്ചിരുന്നു. ഇതിന് റെയില്‍വെ അനുമതി നിഷേധിച്ചതോടെയാണ് പുതിയത് നിര്‍മാണത്തിനായി പഞ്ചായത്ത് അനുമതി തേടിയത്. നിര്‍മാണത്തിന്റെ മുഴുവന്‍ ചിലവും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്ന റെയില്‍വെയുടെ നിര്‍ദേശം പരിഗണിക്കാമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ അറിയിച്ചു.
സ്ഥലം സന്ദര്‍ശനത്തിനായി എന്‍ജിനീയര്‍മാരുടെ സംഘം തൃക്കരിപ്പൂര്‍ സ്റ്റേഷനിലെത്തും. സ്റ്റേഷനില്‍ 81. 5 ലക്ഷം രൂപ ചിലവിട്ട് നിര്‍മിക്കുന്ന ഫുട്ട്ഓവര്‍ ബ്രിഡ്ജിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്ന് തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമാകുന്നത്. റിസര്‍വേഷന്‍ സമയം രാവിലെ 12 മണി വരെ നീട്ടുന്നതും എഗ്‌മോര്‍ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വെ ബോര്‍ഡിന്റെ അനുമതിക്കായി ശ്രമം നടത്തുന്നതായും എ ഡി ആര്‍ എം പി കരുണാകരന്‍ എം പിയെ അറിയിച്ചു. ആക്ഷന്‍ ഭാരവാഹികളായ പി മഷൂദ്, ടിവി ചന്ദ്രദാസ്, ശരീഫ് കൂലേരില്‍ എന്നിവരും പങ്കെടുത്തു.