Connect with us

Gulf

രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി മരിച്ച വിദ്യാര്‍ഥിയുടെ സ്മരണക്കായി സ്‌കൂള്‍ ലൈബ്രറി

Published

|

Last Updated

ഫുജൈറ: വാദിയില്‍ വീണ ഏഴു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥിയുടെ സ്മരണ നിലനിര്‍ത്താന്‍ സ്‌കൂള്‍ ലൈബ്രറി. യുവാവ് പഠിച്ചിരുന്ന അല്‍ വഹ്‌ല സ്‌കൂളിലെ ലൈബ്രറിക്കാണ് യുവാവിന്റെ പേര്‍ സ്മരണാര്‍ഥം നല്‍കിയിരിക്കുന്നത്. അല്‍ വഹ്‌ല മേഖലയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കവേയായിരുന്നു ഏഴു വയസുകാരന്‍ അഹ്മദ് അല്‍ സമാഹി അപകടത്തില്‍പെട്ടത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഹ്മദ് അല്‍ സുല്‍ത്താന്‍ അല്‍ യമാഹിയും വെള്ളത്തില്‍ മുങ്ങിതാണത്. ബാലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണത്തിന് കീഴടങ്ങിയ അല്‍ യമാഹി മികച്ച വിദ്യാര്‍ഥിയും എല്ലാവരുടെയും ഇഷ്ടഭാജനവുമായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖസബ് അബ്ദുല്ല അനുസ്മരിച്ചു. കുട്ടി വെള്ളത്തില്‍ മുങ്ങുന്നത് കണ്ടാണ് രക്ഷിക്കാനാവുമെന്ന് കരുതി, നീന്തല്‍ അറിയാതിരുന്നിട്ട് കൂടി അവന്‍ എടുത്തു ചാടിയത്. വീടിനടുത്തുള്ള മഴവെള്ളം നിറഞ്ഞ ഏഴു മീറ്റര്‍ ആഴമുള്ള വാദിയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം സംഭവിച്ചതും അല്‍ യമാഹിയും അല്‍ സമാഹിയും മുങ്ങി മരിച്ചതും. അതിശക്തമായ മഴയിലാണ് വാദി നിറഞ്ഞു കവിഞ്ഞത്്.
പ്രദേശത്ത് ഉദ്യാനങ്ങളില്ലാത്തതാണ് അപകടം പിടിച്ച വിനോദങ്ങളിലേക്ക് കുട്ടികള്‍ പോകാന്‍ ഇടയാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. സ്‌കൂളിന് സ്വന്തമായി ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അനിവാര്യ ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്താന്‍ 30 മിനുട്ടോളം ആംബുലന്‍സിനായി കാത്തിരിക്കേണ്ട സ്ഥിതിയുള്ളതായും അദ്ദേഹം പറഞ്ഞു.

 

Latest