Connect with us

Kerala

ഫെയര്‍ മീറ്റര്‍: ഓട്ടോറിക്ഷകളില്‍ നിന്ന് ഈടാക്കിയ പിഴക്ക് സ്റ്റേ

Published

|

Last Updated

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ മുദ്രപതിപ്പിക്കുന്നതിന് കുടിശ്ശിക വരുത്തിയിട്ടുള്ളവരില്‍ നിന്ന് 2,000 രൂപ വീതം പിഴ ഈടാക്കിയിരുന്നത് സ്റ്റേ ചെയ്തു. ഈ ഉത്തരവ് 2014 ഡിസംബര്‍ 31വരെ മാത്രമാണ് ബാധകം.
ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിട്ടുള്ള മീറ്ററുകള്‍ എല്ലാ വര്‍ഷവും ലീഗല്‍ മെട്രോളജി വകുപ്പില്‍ ഹാജരാക്കി കൃത്യത ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതും അതിന് വീഴ്ച വരുത്തുന്നവര്‍ നിയമാനുസൃതം പിഴ അടക്കേണ്ടതുമുണ്ട്. ഇങ്ങനെ പിഴ ഈടാക്കുന്നതിനുള്ള കാലാവധി കണക്കാക്കുന്നത് നാല് ത്രൈ മാസങ്ങളിലായിട്ടാണ്. ഇതില്‍ എ ക്വാര്‍ട്ടര്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും ബി ക്വാര്‍ട്ടര്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയും സി ക്വാര്‍ട്ടര്‍ ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയും ഡി ക്വാര്‍ട്ടര്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുമാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന, ഓട്ടോറിക്ഷാ മീറ്ററുകള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
2014 ഏപ്രില്‍ ഒന്ന് മുതല്‍ 2014 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളില്‍ മുദ്ര പതിപ്പിക്കുന്നതിന് വീഴ്ച വരുത്തിയിരുന്നവര്‍ക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്റ്റേ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. ഇത്തരം കേസുകളില്‍ 2009ലെ കേന്ദ്ര ലീഗല്‍ മെട്രോളജി നിയമപ്രകാരം കോടതിയില്‍ 10,000 രൂപ വരെ പിഴ അടക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇത് വകുപ്പ് തലത്തില്‍ തീര്‍പ്പാക്കുമ്പോള്‍ 2,000 രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ.
എന്നാല്‍, പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും എന്ന പ്രതീക്ഷയില്‍ ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ പലരും മുദ്ര വെക്കാതിരുന്നത് മൂലം പിഴ അട ക്കേണ്ടി വരുന്ന സാഹചര്യം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇത് തത്കാലം നിര്‍ത്തിവെക്കാന്‍ റവന്യൂ മന്ത്രി അടൂര്‍പ്രകാശ് നിര്‍ദേശം നല്‍കുകയായിരുന്നു.

Latest