തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഒമ്പതിന് ജില്ലയില്‍ തൊഴിലാളി കണ്‍വന്‍ഷന്‍

Posted on: November 7, 2014 12:21 am | Last updated: November 6, 2014 at 10:21 pm

കല്‍പ്പറ്റ: തൊഴില്‍ നിയമങ്ങള്‍ എകപക്ഷീയമായി പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിനുള്ള നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ മുന്നോടിയായി ഒമ്പതിന് ജില്ലയില്‍ തൊഴിലാളി കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കണ്‍വന്‍ഷന്‍ എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യും.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, യുടിയുസി, എന്‍ജിഒ യൂണിയന്‍, ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും തൊഴില്‍ നിയമങ്ങള്‍ എകപക്ഷീയമായി പരിഷ്‌കരിക്കാന്‍ ശ്രമം നടത്തുകയാണ്.
നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭേദഗതികള്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതാണ്. കേന്ദ്ര ട്രെയിഡ് യൂണിയനുകളോട് ആലോചിക്കാതെ തൊഴില്‍നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്ന കേന്ദ്രതൊഴില്‍ മന്ത്രിയുടെ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ ഭേദഗതിക്ക് ശ്രമിക്കുന്നത്. ലോക് സഭയില്‍ അവതരിപ്പിച്ച ഭേഗതി ബില്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളെ പ്രതീകൂലമായി ബാധിക്കും.
ഭൂരിപക്ഷം തൊഴിലാളികളും തൊഴില്‍നിയമങ്ങളുടെ പരിധിയില്‍നിന്നും പുറത്താവും. സര്‍ക്കാര്‍-തൊഴിലാളി-തൊഴിലുടമ കൂടിയാലോചനകള്‍ ഇല്ലാതാക്കും.
തൊഴില്‍നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ രാജ്യത്തെ 70 ശതമാനം സ്ഥാപനങ്ങള്‍ തൊഴില്‍ നിയമത്തിന് പുറത്താകും. വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കരാര്‍വത്കരണം ഉപേക്ഷിക്കുക, മിനിമം വേതനം 15000 രൂപയാക്കുക, സാര്‍വത്രീക സാമൂഹ്യ സുരക്ഷിതത്വ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധ ദിനാചരണം. ഇൗ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പ്രതിഷേധ ദിനാചരണം വിജയിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കണ്‍വന്‍ഷന്‍ ചേരുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കളായ വി വി ബേബി, പി കെ മൂര്‍ത്തി, എന്‍ ഒ ദേവസി, സി മൊയ്തീന്‍കുട്ടി, പി കെ കുഞ്ഞുമൊയ്തീന്‍, പി കെ അച്ചുതന്‍, കെ പി ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.