ബംഗ്ലാദേശ് ജമാഅത്ത് നേതാവ് ഖമറുസ്സമാനെ അടുത്ത ആഴ്ച തൂക്കിലേറ്റിയേക്കും

Posted on: November 7, 2014 5:14 am | Last updated: November 6, 2014 at 10:15 pm

ധാക്ക: യുദ്ധക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവിനെ അടുത്ത ആഴ്ച തൂക്കിലേറ്റും. ഇദ്ദേഹത്തിനെതിരെയുള്ള വധശിക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. യുദ്ധക്കുറ്റത്തിന്റെ പേരില്‍ തൂക്കിലേറ്റപ്പെടുന്ന രണ്ടാമത്തെ ജമാഅത്ത് നേതാവായിരിക്കും മുഹമ്മദ് ഖമറുസ്സമാനെന്ന് ബംഗ്ലാദേശ് നിയമമന്ത്രി പറഞ്ഞു. 1971ല്‍ പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെടാനായി നടന്ന യുദ്ധത്തിനിടെ ഖമറുസ്സമാനും സംഘവും പാക് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും നിരായുധരായ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തുവെന്നും വംശഹത്യക്ക് നേതൃത്വം നല്‍കിയെന്നും കഴിഞ്ഞ മെയില്‍ പ്രത്യേക യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. ട്രൈബ്യൂണല്‍ വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു.
വധശിക്ഷ സുപ്രീം കോടതി ശരിവെച്ച് കഴിഞ്ഞാല്‍ 21 മുതല്‍ 28 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്നാണ് ബംഗ്ലാദേശിലെ ചട്ടം. ഖമറുസ്സമാന് മുന്നില്‍ രണ്ട് സാധ്യതകളാണ് ബാക്കിയുള്ളത്. പുനഃപരിശോധനാ ഹരജി നല്‍കി അദ്ദേഹത്തിന് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനാകും. എന്നാല്‍ ശിക്ഷ റദ്ദാക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതിലും പ്രതീക്ഷക്ക് വലിയ സാധ്യതയില്ല. ഇത്തരം നീക്കങ്ങളുടെ തീരുമാനം ഉടന്‍ വരുന്നതോടെ അടുത്ത ആഴ്ച തന്നെ ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന.