Connect with us

Kerala

ബാര്‍ കോഴ: സി പി ഐ പ്രക്ഷോഭത്തിനിറങ്ങുന്നു

Published

|

Last Updated

cpiതിരുവനന്തപുരം :ബാര്‍ കോഴ വിവാദത്തില്‍ സി പി ഐ സ്വന്തംനിലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് 12ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പത്തിന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും നേതാക്കളും എം പിമാരും എം എല്‍ എമാരും നേതൃത്വം നല്‍കും. പ്രത്യക്ഷത്തില്‍ കെ എം മാണി കോഴ നല്‍കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതിനാല്‍ മാണിക്കെതിരെ ആദ്യം അന്വേഷണം നടത്തണം. മറ്റു മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കാം.
ജുഡീഷ്യല്‍ അന്വേഷണം അപ്രായോഗികമെന്നത് സി പി എമ്മിന്റെ അഭിപ്രായമാണ്. സി പി എമ്മും സി പി ഐയും രണ്ട് പാര്‍ട്ടിയാണ്. അവര്‍ക്ക് വ്യത്യസ്ത അഭിപ്രായം പറയാനും സമരം നടത്താനും അവകാശമുണ്ട്. എന്നാല്‍, അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
അന്വേഷണത്തിന്റെ രീതിയെക്കുറിച്ചാണ് വ്യത്യസ്ത നിലപാട്. മദ്യനിരോധനവും മദ്യവര്‍ജനവും നടപ്പാക്കിയത് കോഴക്കുവേണ്ടിയാണ്. യു ഡി എഫില്‍ കോഴക്കച്ചവടമാണ് നടക്കുന്നത്. കോഴ മുന്നണിയായി അവര്‍ മാറി. മന്ത്രി കൈക്കൂലി വാങ്ങിയെന്ന് ഒരു ബിസിനസുകാരന്‍ പരസ്യമായി ആരോപണമുന്നയിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇതൊക്കെ ഭൂഷണമാണോയെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. മന്ത്രിസഭയിലെ അംഗത്തിന്റെ പേരില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സ് വകുപ്പിന് കഴിയില്ല. വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തെളിവുകള്‍ തേച്ചുമായ്ച്ചുകളയാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയായിരിക്കും ഈ കേസിലുമുണ്ടാവുക. അശുദ്ധമായ മനസ്സായതിനാല്‍ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. ഇതുപോലെ കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റ് ചരിത്രത്തിലുണ്ടായിട്ടില്ല. ധനവകുപ്പ് ഉപയോഗിച്ച് വേണ്ടപ്പെട്ടവര്‍ക്ക് എന്തൊക്കെ ചെയ്തുകൊടുത്തെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തികഞെരുക്കത്തിന്റെ പേരില്‍ സാധാരണക്കാരന് മുകളില്‍ നികുതി ചുമത്തുകയാണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest