Connect with us

Ongoing News

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ 50 ശതമാനം വര്‍ധിപ്പിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍ക്ക് ഒരു കിലോക്ക് 90 പൈസയായാണ് കമ്മീഷന്‍ വര്‍ധിപ്പിക്കുന്നത്. ഈ മാസം മുതല്‍ തന്നെ വര്‍ധന നിലവില്‍ വരും. ഇത് സര്‍ക്കാരിന് 42 കോടി രൂപയോളം അധിക ബാധ്യത സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ കേരളം കൂടുതല്‍ കമ്മീഷന്‍ നല്‍കുന്ന സംസ്ഥാനമായി മാറും. ഗോവയില്‍ 85 പൈസയാണ് കമ്മീഷന്‍. ആന്‍ഡമാന്‍ നിക്കോബാറും അരുണാചല്‍ പ്രദേശുമാണ് കൂടുതല്‍ കമ്മീഷന്‍ നല്‍കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി റേഷന്‍ വ്യാപാരികള്‍ സമരം നടത്തി വരികയാണ്. ഇതു കാരണം സംസ്ഥാനത്തെ പൊതുവിതരണം സംവിധാനം അവതാളത്തിലായിരിക്കുകയാണ്. കമ്മീഷന്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും.
നേരത്തെ കിലോഗ്രാമിന് 37 പൈസ മാത്രമായിരുന്നു കമ്മീഷന്‍. 2012 ഒക്‌ടോബറിലാണ് ഇത് 60 പൈസയായി ഉയര്‍ത്തിയത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വ്യാപാരികള്‍ വീണ്ടും വര്‍ധന ആവശ്യപ്പെടുകയായിരുന്നു. രണ്ട് രൂപയായി ഉയര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. 90 പൈസയായി ഉയര്‍ത്തുന്നതിലൂടെ നിലവിലുള്ളതിന്റെ 50 ശതമാനമാണ് വര്‍ധിക്കുന്നത്. ഈ നിര്‍ദേശം വ്യാപാരികള്‍ അംഗീകരിക്കുമെന്ന് കരുതുന്നു.
ആട്ട, പഞ്ചസാര തുടങ്ങിയവ ഡോര്‍ ഡെലിവറിയായി വിതരണം ചെയ്യുന്നത് സപ്ലൈകോ മുന്‍കൈയെടുത്ത് നടത്തും. ഇത് 10 കോടിയുടെ അധികബാധ്യതയാണ്. തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനവകുപ്പിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മറുപടി പ്രതീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ റേഷന്‍ കടകളിലും നിര്‍ബന്ധമായും ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest