Connect with us

National

രാജ്യസഭാ സീറ്റിന് അഖിലേഷ് ദാസ് 100 കോടി വാഗ്ദാനം ചെയ്‌തെന്ന് മായാവതി

Published

|

Last Updated

ലക്‌നോ: തന്നെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ബി എസ് പിയുടെ രാജ്യസഭാംഗമായിരുന്ന അഖിലേഷ് ദാസ് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പാര്‍ട്ടി നേതാവ് മായാവതി. അഖിലേഷ് ദാസ് രണ്ട് ദിവസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.
അമ്പത് കോടി മുതല്‍ നൂറ് കോടി വരെ രൂപ രാജ്യസഭാ സീറ്റിന് നല്‍കാന്‍ ദാസ് സന്നദ്ധനായിരുന്നുവെന്നും മായാവതി പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഇപ്പോള്‍ ഭരണത്തിലില്ല, പാര്‍ട്ടിയെ നയിക്കാന്‍ തങ്ങള്‍ക്ക് ഫണ്ട് വേണ്ടത് തന്നെയാണ.് പക്ഷേ നൂറല്ല ഇരുനൂറ് കോടി രൂപ തന്നാല്‍ പോലും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ഒരുക്കമല്ല. തങ്ങളുടെ പാര്‍ട്ടി നിലനില്‍ക്കുന്നത് പാവപ്പെട്ടവരുടെ സംഭാവന കൊണ്ടാണെന്നും അവര്‍ പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളിലും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പണം വേണമെന്നും അതെല്ലാം സാധാരണക്കാരുടെ പണം കൊണ്ടാകുമെന്നും മായാവതി പറഞ്ഞു. ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന നേതാക്കള്‍ക്ക് മാത്രമേ ബി എസ് പി മത്സരിക്കാനുള്ള അവസരം നല്‍കൂവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.