വ്യോമാക്രമണം: മുതിര്‍ന്ന അല്‍ഖാഇദ നേതാവ് യമനില്‍ കൊല്ലപ്പെട്ടു

Posted on: November 6, 2014 5:03 am | Last updated: November 5, 2014 at 10:05 pm

സന്‍ആ: യു എസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതിര്‍ന്ന അല്‍ഖാഇദ നേതാവിനെയും അന്‍സാര്‍ അല്‍ ശരീഅ സംഘടനയുമായി ബന്ധമുള്ള പ്രദേശിക നേതാവിനെയും വ്യോമാക്രമണത്തില്‍ വധിച്ചു. സെന്‍ട്രല്‍ യമനില്‍ ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന അല്‍ഖാഇദ നേതാവായ ശൗകി അല്‍ ബദാനിയും മൂന്ന് അല്‍ഖാഇദ അംഗങ്ങളും അന്‍സാര്‍ അല്‍ ശരീഅ നേതാവ് നബില്‍ അല്‍ ദഹബുമാണ് കൊല്ലപ്പെട്ടത്. ശൗകി അല്‍ ബദാനിയെ യു എസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ട, 2012ല്‍ യമന്‍ തലസ്ഥാനത്ത് നടന്ന ബോംബ് സ്‌ഫോടനത്തിലെ പ്രതിയും യു എസ് എംബസി ആക്രമണത്തിലെ പ്രതിയുമാണ് ബദാനിയെന്ന് അമേരിക്ക പറയുന്നു. ആഗോള തീവ്രവാദിയായിട്ടാണ് ബദാനിയെ യു എസ് അധികൃതര്‍ വിലയിരുത്തിയത്.