ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റും ഡറ്റസ്ണ്‍ ഗോയും പരാജയം

Posted on: November 5, 2014 7:25 pm | Last updated: November 5, 2014 at 7:25 pm

crash-testന്യൂഡല്‍ഹി: വാഹനസുരക്ഷാ പരിശോധക സംഘടനകളുടെ കൂട്ടായ്മയായ ഗ്ലോബല്‍ എന്‍ സി എ പിയുടെ ക്രാഷ് ടെസ്റ്റില്‍ ജനപ്രിയ മോഡലുകളായ മാരുതിയുടെ സ്വിഫ്റ്റും നിസാന്‍ ഡറ്റ്‌സണ്‍ ഗോയും പരാജയപ്പെട്ടു. രാജ്യത്തെ ജനപ്രിയ വാഹനങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തല്‍.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ സ്വിഫ്റ്റിനും ഡറ്റ്‌സണ്‍ ഗോക്കും ഒരു സ്റ്റാര്‍ പോലും നേടാനായില്ല. കുട്ടികള്‍ക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ ഡറ്റസണ്‍ ഗോ രണ്ട് സ്റ്റാര്‍ നേടിയപ്പോള്‍ സ്വിഫ്റ്റിന് ഒരു സ്റ്റാര്‍ മാത്രമാണ് നേടാനായത്.

സ്വിഫ്റ്റിന്റേത് അസ്ഥിരമായ ഘടനയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ശരിയായ എയര്‍ബാഗ് ഇല്ലാത്തതിനാല്‍ അപകടമുണ്ടായാല്‍ ഡ്രൈവറുടെ തല സ്റ്റിയറിംഗ് വീലില്‍ തന്നെ ഇടിക്കും. ഡസ്റ്റണ്‍ ഗോയിലും തല സ്റ്റിയറിംഗ് വീലില്‍ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്.

മാരുതി ആള്‍ട്ടോ 800, ടാറ്റ നാനോ, ഫോര്‍ഡ് ഫിഗോ, ഹ്യൂണ്ടായ് ഐ10, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ വാഹനങ്ങളും നേരത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.