Connect with us

Gulf

12ാം നിലയില്‍ നിന്നു വീണു ബാലന്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ: കെട്ടിടത്തിന്റെ 12ാം നിലയില്‍ നിന്നു വീണു അഞ്ചു വയസുള്ള അറബ് ബാലന്‍ മരിച്ചു. ഇന്നലെ രാവിലെ അല്‍ ഖാസിമിയ മേഖലയിലായിരുന്നു അപകടം. ജനലില്‍ കയറി നിന്ന കുട്ടി കാല്‍തെറ്റി താഴോട്ടു പതിക്കുകയായിരുന്നു. രാവിലെ കുട്ടിയുടെ മാതാവ് മകളെ സ്‌കൂളില്‍ അയക്കാന്‍ വാഹനത്തിന് അരുകിലേക്ക് പോയ അവസരത്തിലായിരുന്നു അപകടം സംഭവിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുയായിരുന്ന കുട്ടി ഉറക്കമുണര്‍ന്ന് പുറത്തേക്ക് നോക്കാന്‍ ശ്രമിച്ച അവസരത്തിലാവാം ജനലില്‍ നിന്നു കാല്‍ തെറ്റി താഴോട്ട് പതിച്ചത്. അല്‍ ഖാസിമിയയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറിലായിരുന്നു അപകടം.
പോലീസ് ഓപറേഷന്‍സ് റൂമില്‍ സന്ദേശം ലഭിച്ച ഉടന്‍ അല്‍ ഗാര്‍ബ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരും ഒപ്പം ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തിയിരുന്നു. രാവിലെ 6.45നായിരുന്നു അപകടമെന്നു പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകരുതെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു. രക്ഷിതാക്കളില്‍ നിന്നു കടുത്ത അശ്രദ്ധയാണ് ഉണ്ടായിരിക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നു വീണു അഞ്ചു വയസുകാരന്‍ അജ്മാനിലും മരിച്ചിരുന്നു. ഒമ്പതാം നിലയിലെ ഫഌറ്റിന്റെ ബാല്‍കണിയില്‍ നിന്നു വീണാണ് ഈജിപ്ഷ്യന്‍ ബാലന്‍ അന്ന് മരിച്ചതെന്ന് അജ്മാന്‍ പോലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി സഈദ് അല്‍ മത്‌റൂഷി വ്യക്തമാക്കിയിരുന്നു.
ബാല്‍കണിയിലെ കസേരയില്‍ കയറി നിന്ന കുട്ടി വഴുതി വീഴൂകയായിരുന്നു. മാതാപിതാക്കള്‍ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്തായിരുന്നു തനിച്ചായ കുട്ടി ബാല്‍കണിയില്‍ പോയതും അപകടത്തില്‍പ്പെട്ടതും. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അശ്രദ്ധ മൂലം ആഴ്ചയില്‍ രണ്ടു കുട്ടികള്‍ക്കെങ്കിലും ഇത്തരത്തില്‍ വീണു പരുക്കേല്‍ക്കുന്നതായി അജ്മാന്‍ ഖലീഫ ഹോസ്പിറ്റല്‍ അധികൃതരും വ്യക്തമാക്കിയിരുന്നു.