Connect with us

Malappuram

പുതിയ ട്രെയിനുകളുടെ വരവിന് തടസ്സമാകുന്നു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ ക്രോസിംഗ് സ്റ്റേഷനുകളുടെ കുറവ് പുതിയ ട്രെയിന്‍ അനുവദിക്കുന്നതിന് തടസമാകുന്നു. ചെന്നൈ ലോബിയാണ് ക്രോസിംഗ് സ്റ്റേഷനുകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. 

ഈ പാതയുടെ വികസനത്തിനായി പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് സമര്‍പ്പിച്ച പല നിര്‍ദേശങ്ങളും ചെന്നൈ ലോബി അട്ടിമറിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നിര്‍ദേശിച്ചിട്ടും ചെന്നൈ ലോബി തടസം നില്‍ക്കുകയാണ്. ഏഴ് ട്രെയിനുകള്‍ നടത്തുന്ന 14 സര്‍വീസുകളില്‍ രാജറാണിയൊഴിച്ച് മറ്റുള്ള വണ്ടികള്‍ അങ്ങാടിപ്പുറം സ്റ്റേഷനില്‍ വെച്ചാണ് ക്രോസ് ചെയ്യുന്നത്. നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ ലൈനില്‍ നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകള്‍ ഒഴികെ തൊടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വാടാനാംകുറിശ്ശി സ്റ്റേഷനുകള്‍ കേവലം ഹാള്‍ട്ട് സ്റ്റേഷനുകളാണ്. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ റെയില്‍വേ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് ടിക്കറ്റ് നല്‍കുന്നത്. നിലമ്പൂര്‍ ലൈനില്‍ രാജ്യറാണി കൂടി വന്നതോടെ അങ്ങോട്ടും ഇങ്ങോട്ടുമായി 14 വണ്ടികള്‍ ഓടുന്നുണ്ട്. അത്യാവശ്യം തിരക്കേറിയ ബ്രാഞ്ച് ലൈനായി നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ മാറിക്കഴിഞ്ഞു. ഇപ്പോള്‍ നിലമ്പൂരില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്ക് ഒരു ട്രെയിന്‍ പുറപ്പെടുമ്പോള്‍ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഷൊര്‍ണ്ണൂരില്‍ നിന്ന് ഒരു ട്രെയിന്‍ പുറപ്പെടുന്നു. ഒരൊറ്റ ലൈന്‍ മാത്രമുള്ള ഈ റൂട്ടില്‍ അങ്ങാടിപ്പുറത്താണ് അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത്. ഇങ്ങനെ രണ്ട് പാളങ്ങളിലായി ട്രെയിനുകള്‍ മാറ്റാനുള്ള സംവിധാനമുള്ള അങ്ങാടിപ്പുറവും വാണിയമ്പലവും നിലമ്പൂരും മാത്രം ബ്ലോക്ക് സ്റ്റേഷനുകളാണ്.
പതിനൊന്ന് പാസഞ്ചര്‍ വണ്ടികളും അങ്ങാടിപ്പുറത്തുവച്ചാണ് ഇങ്ങനെ മാറിയോടുന്നത്. നിലമ്പൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വാണിയമ്പലത്തെ ക്രോസിംഗ് സൗകര്യം ഉപയോഗിക്കുന്നത് രാജ്യറാണിക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ ബ്ലോക്ക് സ്റ്റേഷനുകള്‍ ആരംഭിക്കുക എന്നത് അത്യാവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. മേലാറ്റൂരും കുലുക്കല്ലൂരും ആണ് ബ്ലോക്ക് സ്റ്റേഷനുകളായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
മേലാറ്റൂര്‍-കുലുക്കല്ലൂര്‍ സ്റ്റേഷനുകളെ ബ്ലോക്ക് സ്റ്റേഷനുകളാക്കി ഉയര്‍ത്താത്ത പക്ഷം രാവിലെ ഒരു വണ്ടി അരമണിക്കൂര്‍ വൈകിയാല്‍ വൈകുന്നേരം വരെ എല്ലാ വണ്ടികളും വൈകി ഓടേണ്ടിവരും. കാരണം അങ്ങാടിപ്പുറത്ത് വെച്ച് മാത്രമാണ് വണ്ടികള്‍ മാറിയോടുന്നത്. വാണിയമ്പലത്തിനും അങ്ങാടിപ്പുറത്തിനുമിടക്ക് മേലാറ്റൂര്‍ സ്റ്റേഷനും അങ്ങാടിപ്പുറത്തിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ കുലുക്കല്ലൂര്‍ സ്റ്റേഷനും ബ്ലോക്ക് സ്റ്റേഷനാക്കി ഉയര്‍ത്താനുള്ള പദ്ധതി കേന്ദ്ര റെയില്‍വേ ബോര്‍ഡിന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതില്‍ ഒന്നിനെങ്കിലും അനുമതി കിട്ടാത്ത പക്ഷം ഒരു തീവണ്ടി വൈകുന്നതോടെ എല്ലാ വണ്ടികളും വൈകുന്ന അവസ്ഥ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിര്‍മാണത്തിനുള്ള കോടികളുടെ മുതല്‍മുടക്കിനേക്കാള്‍ പ്രസ്തുത സ്റ്റേഷനുകള്‍ മെയിന്റയിന്‍ ചെയ്യാന്‍ റെയില്‍വേക്കുണ്ടാകുന്ന നടത്തിപ്പ് ചെലവാണ് പ്രധാന തടസമെന്നാണ് അറിയുന്നത്. പുതിയ ബ്ലോക്ക് സ്റ്റേഷനുകള്‍ കഴിയുന്നത്ര അനുവദിക്കരുത് എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവ് എന്നറിയുന്നു. എന്നാല്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് പാലക്കാട് റൂട്ടില്‍ നാല് കിലോമീറ്റര്‍ ദൂരത്ത് മാമന്നൂരില്‍ ക്രോസിംഗ് സ്റ്റേഷനുണ്ട്. കോഴിക്കോട് പാതയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തും തെക്കോട്ട് നാല് കിലോമീറ്റര്‍ ദൂരത്തും ക്രോസിംഗ് സ്റ്റേഷനുകളുണ്ട്. മറിച്ച് ഷൊര്‍ണ്ണൂര്‍- നിലമ്പൂര്‍ പാതയെടുത്താല്‍ 28 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ക്രോസിംഗ് സ്റ്റേഷനുള്ളത്.
പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട് മൂന്ന് കത്തുകള്‍ ചെന്നെ ഓഫീസില്‍ അയച്ചെങ്കിലും മറുപടി വന്നത് ഡിവിഷന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടാണ്. അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണിലേക്കുള്ള അരി നീക്കത്തെയും ഇത് ബാധിക്കുന്നുണ്ട്. അനുദിനം യാത്രക്കാര്‍ വര്‍ധിച്ചുവരുന്ന നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ പുതിയ ട്രെയിനുകള്‍ വരണമെങ്കില്‍ മേലാറ്റൂരും കുലുക്കല്ലൂരും ക്രോസിംഗ് സ്റ്റേഷനുകളാക്കാതെ മാര്‍ഗമില്ല. എട്ട് കോടി രൂപയാണ് ക്രോസിംഗ് സ്റ്റേഷനാക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടിനും കൂടി 16 കോടി രൂപ െചലവ് വരും. ശക്തമായ സമ്മര്‍ദ്ദമുണ്ടായാല്‍ ക്രോസിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാകുമെന്ന് റെയില്‍വെ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.