ആവശ്യത്തിന് ജീവനക്കാരില്ല; ജയിലുകള്‍ സുരക്ഷാ ഭീതിയില്‍

Posted on: November 4, 2014 5:10 am | Last updated: November 4, 2014 at 12:11 am

കണ്ണൂര്‍: തടവുകാരുടെ എണ്ണം വര്‍ധിച്ചതോടെ ജയിലുകള്‍ സുരക്ഷാ ഭീതിയില്‍. ജയില്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള അനുപാതം 1:6 ആണെങ്കിലും മിക്ക ജയിലുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. ദക്ഷിണ മേഖലയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്ന പുരുഷ തടവുകാരുടെ എണ്ണം 2,485 ആണ്.എന്നാല്‍ നിലവില്‍ 2898 തടവുകാരുണ്ട്. ഇവരെ നിയന്ത്രിക്കാനായി 280 വാര്‍ഡന്‍മാര്‍ മാത്രമാണുള്ളത്.
ഉത്തര മേഖയുടെ ഭാഗമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം മുപ്പതിലേറെ വാര്‍ഡന്‍മാരുടെ ഒഴിവുണ്ട്. . തിരുവനന്തപുരം സോണില്‍ മാത്രം 163 വാര്‍ഡന്‍മാരുടെ കുറവുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ആവശ്യത്തിന് വാര്‍ഡന്‍മാര്‍ ഇല്ല. പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ജയില്‍ അധികൃതര്‍ ഒഴിവുകള്‍ അറിയിക്കാറില്ലെന്നും ആരോപണമുണ്ട്.