Connect with us

Kozhikode

നരിക്കുനി - കുമാരസ്വാമി റോഡിന് അവഗണന

Published

|

Last Updated

നരിക്കുനി: നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന നരിക്കുനി- കുമാരസ്വാമി റോഡില്‍ അറ്റകുറ്റപണികള്‍ വൈകുന്നത് യാത്ര ദുഷ്‌കരമാക്കുന്നു.
നരിക്കുനിയില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ജില്ലാ മേജര്‍ റോഡാണിത്. ഈ റോഡില്‍ പലയിടത്തും ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നരിക്കുനി അങ്ങാടി, പാറന്നൂര്‍, പാലോളിത്താഴം, മുരിങ്ങോളിത്താഴം, തെക്കെകണ്ടി, കോയാലി മുക്ക്, തച്ചൂര്‍ താഴം, പുല്ലാളൂര്‍, മച്ചക്കുളം, ഇടുക്കപ്പാറ, ഗേറ്റ് ബസാര്‍, ഉണിപ്പറമ്പത്ത് താഴം, പാലത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡിലെ ടാറിംഗ് തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മെയില്‍ അറ്റകുറ്റപണിയും മൂന്നിടത്ത് റോഡ് ഉയര്‍ത്തലും നടത്തിയിരുന്നുവെങ്കിലും മഴക്കാലത്തോടെ റോഡ് തകരുകയായിരുന്നു. പഴയതിലും കൂടുതല്‍ വിസ്താരത്തിലും ആഴത്തിലും പ്രത്യക്ഷപ്പെടുന്ന കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുകയാണ്. നരിക്കുനി, മടവൂര്‍, കുരുവട്ടൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണിത്. ടാറിംഗ് തകര്‍ന്നത് മൂലം റോഡില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും ദേഹത്ത് തെറിച്ച് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ഏറെക്കാലം മുമ്പാണ് ഈ റോഡ് പൂര്‍ണമായി ടാറിംഗ ്‌നടന്നത്. അതിന് ശേഷം പല സമയങ്ങളില്‍ ചില ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തലും ഓവുചാല്‍ നിര്‍മാണവും ആ ഭാഗത്തെ ടാറിംഗും വര്‍ഷാന്ത അറ്റകുറ്റ പണിയുമല്ലാതെ കാര്യമായ പണികളൊന്നും ഈ റോഡില്‍ നടന്നിട്ടില്ല.
റോഡിന്റെ സമഗ്രമായ പുനരുദ്ധാരണം കൊണ്ട് മാത്രമെ ശോച്യാവസ്ഥ പരിഹരിക്കപ്പെടുകയുള്ളൂ. നരിക്കുനി അങ്ങാടിയില്‍ സംഗമിക്കുന്ന അഞ്ച് റോഡുകളും നവീകരിച്ചിട്ടുണ്ട്. എന്നാല്‍ നരിക്കുനി- കുമാരസ്വാമി റോഡിന്റെ നവീകരണം മാത്രം നീളുന്നതില്‍ പ്രതിഷേധം ശക്തമാണ്.
നേരത്തെ അനുവദിച്ച് പദ്ധതിക്ക് ഭരണാനുമതി കിട്ടാതായതോടെ ഈ റോഡിന്റെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് പുതുക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Latest