Connect with us

Kerala

സംസ്ഥാനത്ത് കശുവണ്ടി ഉത്പാദനം കുറഞ്ഞുവരുന്നു; അതിജീവനത്തിന്റെ വഴികള്‍ തേടി കര്‍ഷകര്‍

Published

|

Last Updated

cashewകൊല്ലം: സംസ്ഥാനത്ത് കശുവണ്ടി ഉത്പാദനം ഗണ്യമായി കുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിസന്ധിയിലായ കര്‍ഷകര്‍ അതിജീവനത്തിന്റെ പാതയിലാണ്. കേരളത്തില്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട ജില്ലകള്‍ കണ്ണൂരും കാസര്‍കോടുമാണെന്നിരിക്കെ ഇവിടങ്ങളില്‍ ഇപ്പോള്‍ ഉത്പാദനത്തില്‍ വന്‍തോതിലുള്ള കുറവാണുണ്ടായിരിക്കുന്നത്. ഈ ജില്ലകളിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം മുന്‍കാലങ്ങളില്‍ കശുവണ്ടിക്കാലം പ്രതീക്ഷയുടെ കാലമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതു മാറിയെന്നതാണ് യാഥാര്‍ഥ്യം. മുന്‍ കാലത്ത് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കശുവണ്ടിയുടെ 60 ശതമാനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു.

ഉത്പാദനത്തിന്റെ 60 ശതമാനവും ഈ രണ്ടു ജില്ലകളിലാണെങ്കിലും കശുവണ്ടി ഫാക്ടറി കൊല്ലം ജില്ലയിലാണ്. വടക്കന്‍ ജില്ലകളില്‍ നിന്ന് ഒരു ലോഡ് കശുവണ്ടി കൊല്ലത്തെത്തിക്കാന്‍ വാഹനച്ചെലവ് 15,000ല്‍പരം രൂപയാണ്. സംസ്ഥാനത്ത് മറ്റു ജില്ലകളിലും കശുവണ്ടി ഫാക്ടറികളുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് കൊല്ലം ജില്ലയിലാണ്.
മിക്ക കശുവണ്ടി ഫാക്ടറികളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവവും ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 2004- 05ല്‍ കണ്ണൂരില്‍ 25,681 ഹെക്ടര്‍ സ്ഥലത്തായിരുന്നു കശുവണ്ടി കൃഷി നടത്തിയിരുന്നത്. 2005- 06ല്‍ ഇത് 25,066 ഹെക്ടറായി കുറഞ്ഞു. 2007ല്‍ ഇത് 25,000 ഹെക്ടറിലും താഴെയായി. കഴിഞ്ഞ വര്‍ഷം 22,000 ഹെക്ടറോളമായി കൃഷി ഭൂമി കുറഞ്ഞിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ 2004-05ല്‍ 18,341 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തിയിരുന്നത്. എന്നാല്‍ 2008-2009ല്‍ 17,068 ഹെക്ടറായി ചുരുങ്ങി. രണ്ട് ജില്ലകളിലുമായി നഷ്ടമായത് 886 ഹെക്ടര്‍ സ്ഥലത്തെ കശുമാവ് കൃഷിയാണ്.വില സ്ഥിരതയില്ലാത്തതും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രോത്സാഹനമില്ലാത്തതുമാണ് കര്‍ഷകര്‍ കശുവണ്ടി കൃഷിയില്‍ നിന്നും പിന്തിരിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോള്‍ ഒരു കിലോ കശുവണ്ടിക്ക് 60 ഉം 70 ഉം രൂപ വിലയുണ്ട്. വന്‍കിട ഫാക്ടറിക്കാരും ഇടനിലക്കാരുമാണ് ഇവിടത്തെ വില നിശ്ചയിക്കുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഈ രീതി മാറാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കശുവണ്ടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രേഡില്‍ പെട്ടതാണ്. ഡബ്ല്യു 180 എന് ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്. കണ്ണൂരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കശുവണ്ടി മറ്റു പ്രദേശങ്ങളിലെ കശുവണ്ടിയുമായി ഫാക്ടറികളില്‍ വെച്ച് കൂട്ടിക്കലര്‍ത്തുന്നതിനാല്‍ ഈ തനിമ നഷ്ടമാവുന്നു. വര്‍ഷങ്ങളോളമായി കര്‍ഷകര്‍ ആവശ്യപ്പെട്ടു വരുന്ന കുത്തക സംഭരണം ഇനിയും നടപ്പിലാക്കിയിട്ടില്ല. 1984 വരെയാണ് സംസ്ഥാനത്ത് കശുവണ്ടിക്ക് കുത്തക സംഭരണം ഏര്‍പ്പെടുത്തിയിരുന്നത്.
പിന്നീട് വന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 85,000 ടണ്‍ വരെ ഇത്തരത്തില്‍ തോട്ടണ്ടി സംഭരിച്ചിരുന്നു. എന്നാല്‍ കുത്തക സംഭരണം നിലച്ചതോടെ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാത്ത അവസ്ഥ സംജാതമായി. പിന്നീട് റബ്ബറിന് വില വര്‍ധിച്ചപ്പോള്‍ കശുവണ്ടി കര്‍ഷകര്‍ ഭൂരിഭാഗവും കശുമാവുകള്‍ മുറിച്ചു മാറ്റി
റബ്ബര്‍ നടുകയായിരുന്നു. കശുവണ്ടിക്ക് ആദായകരമായ വില ലഭിക്കാതായതോടെയാണ് ആഭ്യന്തര ഉത്പാദനം ഗണ്യമായി കുറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 40,000 ടണ്ണിന് മുകളില്‍ കശുവണ്ടി ആഭ്യന്തര വിപണിയില്‍ ഉണ്ടാകാത്ത സ്ഥിതിയാണുള്ളതെന്ന് കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ ഫലസുദ്ദീന്‍ ഹക്ക് പറഞ്ഞു.
ഇപ്പോള്‍ മൊസാബികെ, ട്രാന്‍സാനിയ, വിയറ്റ്‌നാം തുടങ്ങിയ വിദേശ നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കശുവണ്ടിയെ ആശ്രയിച്ചാണ് കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു മെട്രിക് ടണ്‍ കശുവണ്ടിക്ക് 1700 ഡോളറാണ് വില ഈടാക്കുന്നത്.
കശുവണ്ടി ഉത്പാദന മേഖലയുടെ തകര്‍ച്ച സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വരുന്ന തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തകര്‍ച്ചയെ നേരിടുന്ന കശുവണ്ടി തൊഴില്‍ മേഖലയെ പുനരുദ്ധരിക്കാന്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ഈ മേഖലയിലെ വിവിധ സംഘടനകളുടെ ആവശ്യം.