Connect with us

Kannur

കുടുംബശ്രീയില്‍ ഇനി ആന്ധ്രാ മോഡല്‍ പദ്ധതികള്‍

Published

|

Last Updated

കണ്ണൂര്‍: തെലുങ്ക് നാട്ടിലെ സ്വയംസഹായ സംഘങ്ങളുടെ മാതൃകാപരമായ ചില പ്രവര്‍ത്തനങ്ങള്‍ ഇനി കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ ഭാഗമായേക്കും. കാര്‍ഷിക മേഖലയിലും ധനവിനിയോഗ മാര്‍ഗങ്ങളിലും സീമാന്ധ്രയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗമായ “ശെര്‍പ്പ്” ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പരിപാടികളാണ് കുടുംബശ്രീയും വിവിധ കര്‍മ പദ്ധതികളിലുള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സീമാന്ധ്ര സന്ദര്‍ശിച്ച് പഠനം നടത്തിയതിന്റെ ഭാഗമായാണ് തെലുങ്കുനാട്ടിലെ ദാരിദ്ര്യ ലഘൂകരണ പദ്ധതികളില്‍ ചിലത് കേരളത്തില്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. കേരളത്തിലെ കുടുംബശ്രീക്ക് സമാനമായി സീമാന്ധ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ “ശെര്‍പ്പ്” എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തില്‍ സ്ത്രീശാക്തീകരണത്തിനാണ് കുടുംബശ്രീ ഊന്നല്‍ നല്‍കുന്നതെങ്കില്‍ സാമ്പത്തിക നേട്ടമാണ് ശെര്‍പ്പിന്റെ പ്രധാന ലക്ഷ്യം. ജില്ലാ ഗ്രാമവികസന പദ്ധതികള്‍ക്ക് കീഴിലാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായിആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ പോലെ സജീവമാണ്. ജൈവപച്ചക്കറി ഉത്പാദനം, വായ്പാ പദ്ധതികള്‍ എന്നിവയെല്ലാം സീമാന്ധ്രയിലെ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ടവയാണ്. കേരളത്തിലെ കുടുംബശ്രീയില്‍ നിന്നും കടമെടുത്ത് ഇവര്‍ ആവിഷ്‌കരിച്ച പച്ചക്കറി ഉത്പാദന പദ്ധതി തെലുങ്കുനാട്ടിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest