Connect with us

National

ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ വിദേശ ശക്തികള്‍ ഇടപെടേണ്ട: കാന്തപുരം

Published

|

Last Updated

മഹായാത്രക്ക് സാക്ഷ്യം വഹിക്കാന്‍ നെഹ്റുസ്റ്റേഡിയത്തില്‍ എത്തിയ ജനസഞ്ചയം

മംഗളുരു: മുസ്‌ലിംകളെ രക്ഷിക്കാനെന്ന പേരില്‍ ബാഹ്യശക്തികള്‍ രാജ്യത്ത് ഇടപെടാന്‍ നടത്തുന്ന നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തന്നെ രംഗത്തിറങ്ങണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സുശക്തമായ ഭരണഘടനയും നിയമസംവിധാനങ്ങളുമുള്ള ഇന്ത്യയിലെ മുസ്‌ലിംകളെയോര്‍ത്ത് ബാഹ്യശക്തികള്‍ ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തിന്റെ അഖണ്ഡതയും മതേതര സംഹിതയും തകര്‍ക്കാന്‍ മാത്രമേ ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് പോലുള്ള സംഘടനകളുടെ നിലപാട് ഉപകരിക്കൂ. ഇത്തരം സംഘടനകളുടെ ആഹ്വാനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തള്ളിക്കളയുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടക യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

ഐ എസ് ഐ എസിനെ പിന്തുണച്ച് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ആസൂത്രിത ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് എല്ലാമതവിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കണം. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുമ്പോള്‍ മാത്രമെ, സമാധാനം സാധ്യമാകൂ. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തും. വര്‍ഗീയതക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ ജീവവായുവായ സ്വതന്ത്ര ഭരണഘടനയിലെ തുല്ല്യനീതി ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കണം. സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനൊപ്പം വികസന രംഗത്തും തുല്ല്യനീതിയുണ്ടാകണം.
നഗര കേന്ദ്രീകൃത വികസനം പിന്നാക്ക മേഖലകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഗ്രാമീണ മേഖലകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഭരണകൂടങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. കര്‍ണ്ണാടക യാത്രയുടെ ഭാഗമായി മധ്യകര്‍ണ്ണാടകയുടെ പിന്നാക്ക പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബോധ്യപ്പെട്ടു. ഈ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സുന്നി സംഘടനകള്‍ തന്നെ ഒരു ബൃഹത്പദ്ധതി ആവിഷകരിക്കും.

കേരള മാതൃകയില്‍ ഘട്ടംഘട്ടമായുള്ള മദ്യനിരോധത്തിന് കര്‍ണ്ണാടകയും മുന്‍കൈയെടുക്കണം. കേരളത്തില്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്. ജനതാല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണോ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെന്ന് സംശയിക്കണം. മദ്യനയത്തെ വിവാദമാക്കുന്നതിന് പകരം അത് നടപ്പാക്കി കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ യോജിക്കണം. ത്രീസ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് മറികടക്കാന്‍ അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് പോലീസും മറ്റു ഉദ്യോഗസ്ഥരുമാണ്. മറ്റുള്ളവര്‍ ഇതിന് മുതിര്‍ന്നാല്‍ നീതി നിര്‍വ്വഹണം തടസപ്പെടും. രാജ്യം കാത്ത് സൂക്ഷിക്കുന്ന ധാര്‍മ്മിക മൂല്ല്യങ്ങള്‍ക്ക് നിരക്കാത്തവിധമുള്ള പ്രതിഷേധ സമരങ്ങള്‍ തടയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

 

തത്സമയ സംപ്രേഷണംഃ

 

Latest