Connect with us

Kozhikode

കാടിറങ്ങിയെത്തിയ ആദിവാസി കുടുംബങ്ങള്‍ മന്ത്രിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ചു

Published

|

Last Updated

കോഴിക്കോട്: പരാതിയും പരിഭവവുമായി മന്ത്രി ജയലക്ഷ്മിക്ക് മുന്നില്‍ ആദിവാസി കുടുംബങ്ങള്‍. വനാന്തരങ്ങളിലും മലയോര പ്രദേശങ്ങളിലും താമസിക്കുന്ന സംസ്ഥാനത്തെ 37 ആദിവാസി വിഭാഗങ്ങളാണ് ചേവായൂര്‍ കിര്‍താഡ്‌സിലെത്തി മന്ത്രി പി കെ ജയലക്ഷ്മിക്ക് മുമ്പില്‍ സങ്കടം ബോധിപ്പിച്ചത്. ഇന്നലെ രാവിലെയെത്തിയ മന്ത്രി എല്ലാ പരാതികളും കേട്ടു മടങ്ങിയത് ഉച്ചക്ക് ശേഷമാണ്. ഒരു ആദിവാസി വിഭാഗത്തില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിയെ കാണാനെത്തിയത്. ദുരിതങ്ങള്‍ വിവരിച്ചപ്പോള്‍ എല്ലാവരുടെ പരാതികള്‍ക്കും സാമ്യം. ഭൂമിയില്ലാത്തതിന്റെ പ്രയാസം, വീടില്ലാത്തതിന്റെ ബുദ്ധിമുട്ട്, കുടിവെള്ളമില്ലാത്തതിന്റെ ദുരിതം എന്നിവ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നു. പള്ളികൂടങ്ങളിലെത്താന്‍ മൈലുകള്‍ താണ്ടേണ്ടതും ആരോഗ്യ സൗകര്യങ്ങളുടെ കുറവും റോഡില്ലാത്തതും പ്രയാസങ്ങളായി മന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. മദ്യത്തിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതു മൂലമുണ്ടായ ആരോഗ്യ സാമൂഹിക കുടുംബ പ്രശ്‌നങ്ങളും അവതരിപ്പിക്കപ്പെട്ടു.

പരാതി കേട്ട മന്ത്രി എല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് നല്‍കിയത്. “ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം” എന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഉടനെ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്ക് 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി ലഭ്യമാക്കും. ടുത്ത ബജറ്റില്‍ വിവിധ ആദിവാസി പദ്ധതികള്‍ക്കുള്ള ഗ്രാന്‍ഡ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വീടുണ്ടാക്കാനുള്ള ധനസഹായം ഇതിനകംതന്നെ ഒന്നേകാല്‍ ലക്ഷം രൂപയില്‍നിന്ന് രണ്ടര ലക്ഷമാക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകാത്ത 58000 വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Latest