Connect with us

Kerala

പുതിയ പ്ലസ്ടു ബാച്ചുകള്‍: സ്‌കൂളുകള്‍ ഒരാഴ്ചക്കകം കുട്ടികളുടെ എണ്ണം സമര്‍പ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം: പുതുതായി പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകളോട് ഓരോ ബാച്ചിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഒരാഴ്ചക്കകം വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം ഏഴിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നിശ്ചിത ഫോര്‍മാറ്റില്‍ വേണം കണക്കുകള്‍ നല്‍കാന്‍. പുതിയ ബാച്ചുകള്‍ അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ സ്‌കൂളധികൃതര്‍ തയ്യാറായിരുന്നില്ല. നിലവില്‍ പ്രാഥമിക കണക്കുകള്‍ മാത്രമാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ കൈയിലൂള്ളത്. ആവശ്യത്തിന് കുട്ടികളെ തികക്കാന്‍ കഴിയാത്ത 56 ഓളം ബാച്ചുകളുണ്ടെന്നാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രാഥമിക കണക്ക്. എന്നാല്‍, ഔദ്യോഗിക കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ഇത്തരം സ്‌കൂളുകളുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞമാസം അവസാനം ഹയര്‍സെക്കന്‍ഡറി വകുപ്പ് വിളിച്ചുചേര്‍ത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ കുട്ടികളുടെ എണ്ണവും, അനുബന്ധരേഖകളും ഏത് രീതിയില്‍ സമര്‍പ്പിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികള്‍ വേണമെന്നതാണ് ചട്ടം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈവര്‍ഷം ഇത് 40 കുട്ടികളായി ചുരുക്കിയിരുന്നു. കുട്ടികളെ തികക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈവര്‍ഷം അംഗീകാരം നഷ്ടമാവില്ല. എന്നാല്‍, അടുത്തവര്‍ഷം 50 കുട്ടികളില്ലെങ്കില്‍ ബാച്ചിന് പ്രവര്‍ത്തനാനുമതി ലഭിക്കില്ല. പ്ലസ് ടു പ്രവേശന നടപടികള്‍ നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ 40 കുട്ടികളെന്ന ഇളവ് നല്‍കിയിട്ടും പല സ്‌കൂളുകള്‍ക്കും കുട്ടികളെ തികക്കാനായിട്ടില്ല.

Latest