Connect with us

Sports

യൂനുസ് ഖാന് ഇരട്ട സെഞ്ച്വറി

Published

|

Last Updated

yunis khanഅബൂദബി: യൂനിസ് ഖാന്‍ എന്ന ക്ലാസിക് ബാറ്റ്‌സ്മാന്റെ തകര്‍പ്പന്‍ ഫോം കണ്ട് ആസ്‌ത്രേലിയ വിറങ്ങലിച്ചും പാക് ടീമംഗങ്ങള്‍ അതിശയിച്ചും നില്‍ക്കുന്നു. കരിയറിന്റെ അന്ത്യഘട്ടത്തിലെത്തി നില്‍ക്കവെ, മുപ്പത്താറാം വയസില്‍ പ്രായത്തെ വെല്ലുന്ന സ്‌ട്രോക്ക് പ്ലേ മികവുമായി യൂനിസ് ഖാന്‍ ആസ്‌ത്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ കുതിര കയറുന്നു. പിഴവില്ലാത്ത ഇന്നിംഗ്‌സുമായി യൂനിസ് ഖാന്‍ റണ്ണടിച്ചു കൂട്ടുമ്പോള്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഇളക്കുന്നു. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടരെ മൂന്നാം സെഞ്ച്വറിയോടെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് വാര്‍ത്തകളില്‍ തമ്പുരാനായി നിന്ന യൂനിസ് ഖാന്‍ ഇന്നലെ ഇരട്ടസെഞ്ച്വറി നേടി തന്റെ ക്ലാസ് ഒരിക്കല്‍ കൂടി വ്യക്തമാക്കി. കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടിയ യൂനിസ് ഖാന്‍ വ്യക്തിഗത സ്‌കോര്‍ 213 ലെത്തിയപ്പോഴാണ് പുറത്തായത്. 8000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ലും യൂനിസ് ഇന്നലെ താണ്ടി. ഷോണ്‍ മാര്‍ഷ് എറിഞ്ഞ 144താം ഓവറിലെ മൂന്നാം പന്തില്‍ സിംഗിള്‍ നേടിയാണ് യൂനിസ് 8000 ക്ലബ്ബില്‍ ചേര്‍ന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പാക് താരം. ജാവേദ് മിയാന്‍ദാദ് (124 ഇന്നിംഗ്‌സില്‍ 8832), ഇന്‍സമാമുല്‍ ഹഖ് (119 ഇന്നിംഗ്‌സില്‍ 8829) എന്നിവരാണ് യൂനിസിന് മുമ്പേ 8000 ക്ലബ്ബിലെത്തിയ പാക്കിസ്ഥാനികള്‍. 

അസ്ഹര്‍ അലി (109), ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് (101) എന്നിവര്‍ യൂനിസ് ഖാന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സ് ആറ് വിക്കറ്റിന് 570 റണ്‍സ് എന്ന ശക്തമായ നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആസ്‌ത്രേലിയ ഒരു വിക്കറ്റിന് 22. ഡേവിഡ് വാര്‍ണര്‍ (22), നഥാന്‍ ലിയോണ്‍ (1) എന്നിവരാണ് ക്രീസില്‍. ക്രിസ് റോജേഴ്‌സി(5)നെയാണ് ഓസീസിന് നഷ്ടമായത്. ഇമ്രാന്‍ഖാനാണ് വിക്കറ്റ്.
111 നോട്ടൗട്ട്, യൂനിസ് ഖാന്‍ രണ്ടാം ദിനം ക്രീസിലെത്തുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ ഇതായിരുന്നു. ഏഴ് ബൗളര്‍മാരെ പരീക്ഷിച്ച ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് യൂനിസിനെ വീഴ്ത്തുക പ്രയാസമായി. അതേ സമയം, തലേ ദിവസത്തെ സെഞ്ച്വറിക്കാരന്‍ അസ്ഹര്‍ അലിയെ എട്ട് റണ്‍സ് കൂടി ചേര്‍ക്കാനെ ഓസീസ് അനുവദിച്ചുള്ളൂ. സ്റ്റാര്‍ചിന്റെ പന്തില്‍ വാര്‍ണറിന് ക്യാച്ചായി അലി മടങ്ങി. പകരമെത്തിയ മിസ്ബാ ഉല്‍ ഹഖ് പാക് നിരയിലെ മൂന്നാം സെഞ്ച്വറിക്കാരനായി മാറിയതോടെ ഓസീസ് വലഞ്ഞു. ആസ്‌ത്രേലിയക്കെതിരെ ആദ്യമായിട്ടാണ് പാക് ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ച്വറി പിറക്കുന്നത്. അധികം വൈകാതെ യൂനിസ് ഖാന്‍ ഇരട്ടസെഞ്ച്വറി നേടിയപ്പോള്‍ മറ്റൊരു യാദൃച്ഛികത സംഭവിച്ചു. 1976 ല്‍ ജാവേദ് മിയാന്‍ദാദ് പത്തൊമ്പതാം വയസില്‍ ഇരട്ടസെഞ്ച്വറി നേടി, ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടസെഞ്ച്വറിക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ അതേ ദിവസമായിരുന്നു വെറ്ററനായ യൂനിസിന്റെ ഡബിള്‍. കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെ ആയിരുന്നു മിയാന്‍ദാദിന്റെ 206 റണ്‍സ് പ്രകടനം.
ഈ പരമ്പര യൂനിസ് ഖാന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ചു. ആസ്‌ത്രേലിയക്കെതിരെ ആയിരത്തിലേറെ ടെസ്റ്റ് റണ്‍സ് നേടുന്ന പതിനഞ്ചാമത്തെ പാക്കിസ്ഥാന്‍ താരമായി മാറിയ യൂനിസ് ഖാന്‍ തുടരെ മൂന്ന് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ പാക് താരവുമായി. സഹീര്‍ അബ്ബാസ്, മുദസ്സര്‍ നാസര്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ് നേരത്തെ ഹാട്രിക്ക് സെഞ്ച്വറി നേടിയത്.
ഏറ്റവും ശ്രദ്ധേയമായത്, ഇന്‍സമാമുല്‍ഹഖിനെ (25 സെഞ്ച്വറി) മറികടന്ന് പാക്കിസ്ഥാന് വേണ്ടി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരമായതാണ്. ദുബൈയിലെ ആദ്യ ടെസ്റ്റില്‍ ഇരുപത്താറാം സെഞ്ച്വറി നേടിയാണ് യൂനിസ് പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര താരമായത്.
ഇരുപത്തേഴാം ടെസ്റ്റ് സെഞ്ച്വറിയോടെ, മൈക്കല്‍ ക്ലാര്‍ക്ക്, ഗ്രെയിം സ്മിത്ത്, അലന്‍ ബോര്‍ഡര്‍ എന്നിവര്‍ക്കൊപ്പമാണിപ്പോള്‍ യൂനിസ്.

 

Latest