Connect with us

National

കരിനിയമങ്ങള്‍ ചുമത്തി നിരപരാധികളെ തടവിലിടരുത്: കാന്തപുരം

Published

|

Last Updated

ബംഗളൂരു: കരിനിയമങ്ങള്‍ ചുമത്തി നിരപരാധികളെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കുറ്റം ചെയ്തവരെ നിയമപരമായി ശിക്ഷിക്കാം. നിരപരാധികളെ വിചാരണ പോലുമില്ലാതെ ദീര്‍ഘകാലം ജയിലിലിടുന്ന പ്രവണത നീതി നിഷേധമാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക യാത്രയുടെ ഭാഗമായി ബംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക പ്രദേശമായ മധ്യകര്‍ണാടക കേന്ദ്രീകരിച്ച് നൂറ് കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മതന്യൂനപക്ഷ വിഭാഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ നഗര കേന്ദ്രീകൃതമാകരുത്. പ്രധാന പദ്ധതികളെല്ലാം നഗര കേന്ദ്രീകൃതമാണ്. വന്‍കിട നിക്ഷേപ പദ്ധതികളും നഗരങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. അതിനാല്‍ തന്നെ ഗ്രാമീണ മേഖലകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നാക്കം പോകുകയാണ്. ധാര്‍മികതയിലൂന്നിയ ഗുണമേന്മയുള്ള വിദ്യാഭ്യാസം പിന്നാക്ക മേഖലകളില്‍ ഇല്ലെന്ന് കര്‍ണാടക യാത്രയില്‍ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നൂറ് കോടി രൂപയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. മധ്യകര്‍ണാടകയിലെ പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ആധുനിക കര്‍ണാടകയുടെ ശില്‍പ്പിയാണ് ടിപ്പു സുല്‍ത്താന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതാണ്. എന്നാല്‍, ഇത് യാഥാര്‍ഥ്യമായില്ല. ടിപ്പുവിന്റെ ജീവിതവും സമരങ്ങളും മുഖ്യപാഠ്യ വിഷയമാക്കിയാണ് സര്‍വകലാശാല സ്ഥാപിക്കേണ്ടത്. തീവ്രവാദത്തിനെതിരായ ഫലപ്രദമായ പ്രതിരോധത്തിന് മുസ്‌ലിം സമൂഹം ഒരുമിച്ച് നില്‍ക്കണം. തീവ്രവാദത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണുന്നില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക ആസൂത്ര ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി എം ഇബ്‌റാഹിം, ഡോ. എം എ എച്ച് അസ്ഹരി, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബംഗളൂരു ഘടകം പ്രസിഡന്റ് എസ് എസ് എ ഖാദര്‍, കര്‍ണാടക വഖഫ ്‌ബോര്‍ഡ് അംഗം ശാഫി സഅദി, എസ് എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സൈനി കക്കിഞ്ച എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest