Connect with us

Kerala

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ വധം: പ്രധാനപ്രതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: കിളിമാനൂരില്‍ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈലജ (56)യെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കിളിമാനൂര്‍ ചെങ്കിക്കുന്ന് കണ്ണന്‍മുക്ക് സ്വദേശി ദിലീപാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. ഒളിവിലായിരുന്ന ഇയാളുടെ മൊബൈല്‍ നിരീക്ഷിച്ചു വരികയായിരുന്നു. കിളിമാനൂര്‍ ജംഗ്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ പ്രതിയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവത്തിന് ശേഷം മൂന്ന് ആഴ്ചകളായി ഇയാള്‍ ഒളിവിലാണ്. ഇതാണ് പോലീസിന് സംശയത്തിന് കാരണമായത്. മാത്രമല്ല ഇയാളുടെ കൈവശം കണ്ടെത്തിയ പണവും സംശയത്തിന് ഇട നല്‍കുന്നു. ഇതിന് മുമ്പ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തതാണെന്ന സംശയവും ഉള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവരുന്നത്. ഇയാള്‍ തന്നെയാണ് പ്രതിയെന്ന നിഗമനത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തട്ടിയെടുത്ത പണവും ആഭരണങ്ങളും കണ്ടെത്തിയാലേ ഈ കേസില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്ന നിലപാടിലാണ് പോലീസ്. അല്ലാത്തപക്ഷം ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിന്മേല്‍ പോലീസ് എടുത്ത “മാന്‍ മിസ്സിംഗ്” കേസിലാകും അറസ്റ്റ് രേഖപ്പെടുത്തുക.
കഴിഞ്ഞ മാസം ഒമ്പതിന് പകല്‍ പതിനൊന്ന് മണിയോടെയാണ് കിളിമാനൂര്‍ പുല്ലയില്‍ എം എസ് പാലസില്‍ ഷൈലജയെ മരിച്ച നിലയിലും ഭര്‍ത്താവ് എം എസ് ഫിനാന്‍സ് ഉടമ മോഹന്‍കുമാറിനെ ഗുരുതരമായി പരുക്കേല്‍പ്പിച്ച നിലയിലും കണ്ടെത്തിയത്. ഷൈലജയുടെ ഭര്‍ത്താവ് നടത്തുന്ന എം എസ് ഫൈനാന്‍സിലെ ഒരു സ്ഥിരം ഇടപാടുകാരനായിരുന്നു ദിലീപ്. സംഭവത്തിനുശേഷം പോലീസ് പണയം വച്ചവരുടെ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഇയാളുടെ വിവരം ലഭിച്ചത്. പണയം വെച്ച ഓരോരുത്തരെയും പോലീസ് സ്‌റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ പണയം തിരിച്ചെടുക്കാന്‍ മോഹന്‍കുമാറും ഷൈലജയും ഇയാളോട് പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പണമിടപാട് സ്ഥാപനത്തില്‍ വെച്ച് വാക്കുതര്‍ക്കം നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.