Connect with us

International

ബുര്‍ക്കിനോ ഫാസോ സംഘര്‍ഷഭരിതം; സ്ഥാനമൊഴിയാമെന്ന് പ്രസിഡന്റ്

Published

|

Last Updated

ഒവാഗദൗഗോ : അക്രമാ സക്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ താന്‍ പ്രസിഡന്റ് പദമൊഴിയുന്നതായും തത്സ്ഥാനത്തേക്ക് 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും ബുര്‍ക്കിന ഫാസോയുടെ പ്രസിഡന്റ് ബ്ലയിസ് കോംപോര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണം സൈന്യം ഏറ്റെടുക്കുന്നതായി സൈനിക തലവന്‍ ജനറല്‍ ഹോനോര്‍ ട്രഓറും വ്യക്തമാക്കി. അതേസമയം 2015 ഓടെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുംവരെ കോംപോര്‍ സ്ഥാനത്ത് തുടരും.
അതിനിടെ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പൊതു സ്ഥലങ്ങള്‍ കൈയേറാന്‍ അനുയായികളോട് പ്രതിപക്ഷ നേതാവ് സെപ്ഹിരിന്‍ ഡയബ്രി ആഹ്വാനം ചെയ്തു. പ്രസിഡന്റിന്റെ രാജിയെത്തുടര്‍ന്ന് സൈനിക ആസ്ഥാനത്ത് തടിച്ചുകൂടി ജനക്കൂട്ടം ആഹ്ലാദം പ്രകിടിപ്പിച്ചതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പ്രസിഡന്റ് ടെലിവിഷനിലൂടെയാണ് രാജ്യത്തെ അറിയിച്ചത്. എന്നാല്‍ ഇദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ദക്ഷിണ നഗരമായ പോയിലേക്ക് കനത്ത സൈനിക കാവലില്‍ കോപോറിനെ കൊണ്ടുപോയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് തീയിട്ടിരുന്നു. 27 വര്‍ഷമായി ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് ബ്ലയിസ് കോംപോറിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള വിവാദ പദ്ധതിക്കെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തലസ്ഥാനത്ത് കനത്ത സുരക്ഷാവേലികള്‍ മറികടന്ന് നാഷണല്‍ അസംബ്ലി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ നൂറ് കണക്കിന് പ്രതിഷേധക്കാര്‍ ഓഫീസുകള്‍ കൊള്ളയടിക്കുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ഇതിനു ശേഷം ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ആക്രമിച്ചു. പ്രസിഡന്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് പാര്‍ലിമെന്റില്‍ നിയമനിര്‍മാണം നടത്താനുള്ള നീക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാജ്യത്ത് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 2011ല്‍ ഇത്തരമൊരു നീക്കം നടത്തിയതിനെത്തുടര്‍ന്ന് രാജ്യമൊട്ടാകെ സൈനിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നീട് നിയമനിര്‍മാണത്തിനനുകൂലമായ വോട്ടെടുപ്പില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. പാര്‍ലിമെന്റ് കെട്ടിടത്തിന് പ്രതിഷേധക്കാര്‍ തീകൊളുത്തിയതിനെത്തുടര്‍ന്ന് ഇവിടെനിന്നും കറുത്ത പുകയുയര്‍ന്നു. സ്പീക്കറുടെ ഓഫീസും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തും പ്രതിഷേധക്കാര്‍ കനത്ത നാശം വരുത്തി. ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസും സിറ്റി ഹാളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഭരണഘടനാ മാറ്റം സംബന്ധിച്ച് വ്യാഴാഴ്ച പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം ഉടലെടുത്തത്. നീക്കം രാജ്യത്തിന്റെ സ്ഥിരതയെ അപകടത്തിലാക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പോലീസിനുമാകുന്നില്ല. പ്രസിഡന്റിന്റെ പിന്തുണയോടെ നടക്കുന്ന ഭരണഘടനാ അട്ടിമറിക്കെതിരെ ആയിരങ്ങളാണ് ബുധനാഴ്ച തെരുവിലിറങ്ങിയത്.

Latest