Connect with us

Kerala

മദ്യം കഴിക്കുന്നവരെ സമ്പന്നരെന്നും ദരിദ്രരെന്നും തരംതിരിക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മദ്യം കഴിക്കുന്നവരെ സമ്പന്നരെന്നും ദരിദ്രരെന്നും തരംതിരിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യപിക്കാന്‍ എത്തുന്നവര്‍ മാന്യന്മാരാണെന്ന സിംഗിള്‍ ബഞ്ച് വിധിയിലെ പരാമര്‍ശം മറ്റുള്ളവരെ മോശക്കാരായി ചിത്രീകരിക്കുന്നതിന് സമാനമാണെന്ന് അപ്പീല്‍ പരിഗണിക്കവെ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നിരീക്ഷിച്ചു. മദ്യപന്മാരുടെ മാന്യതയാണ് മാനദണ്ഡമെങ്കില്‍ മുഴുവന്‍ മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കേണ്ടിവരും. ഇത്തരം നിരീക്ഷണങ്ങള്‍ ജനാധിപത്യപരമല്ലെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നയം ഭരണപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. അതേസമയം മദ്യനയ കേസിലെ സിംഗിള്‍ ബഞ്ച് വിധി ജനങ്ങള്‍ പരക്കെ സ്വാഗതം ചെയ്തതായി കെ സി ബി സി മദ്യവിരുദ്ധ സമിതി അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി പറഞ്ഞു. പൊതുസമൂഹത്തിന്റെ ഇച്ഛ കൊണ്ട് കോടതിക്ക് പ്രവൃത്തിക്കാനാകില്ലെന്നും അങ്ങനെയെങ്കില്‍ കോടതിയുടെ ആവശ്യമെന്തെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ നിരീക്ഷിച്ചു. സര്‍ക്കാറിന്റെ ഭരണപരമായ കാര്യത്തിന്റെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പീല്‍ വാദം കേള്‍ക്കവെ നിലവാരമില്ലാത്ത ബാറുകളുടെ പരിശോധനക്ക് എന്തു സംഭവിച്ചുവെന്നും കോടതി ചോദിച്ചു. സിംഗിള്‍ ബഞ്ച് വിധിയോടെ വയനാട്ടുകാര്‍ക്ക് കോഴിക്കോട്ടെത്തി മദ്യം കഴിക്കേണ്ട സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളതെന്നും ഡിവിഷന്‍ ബഞ്ച് വാദമധ്യേ പറഞ്ഞു.