Connect with us

Gulf

സ്വദേശി കുട്ടികളെ രക്ഷിക്കുന്നതിനിടെ വീട്ടുവേലക്കാരി മുങ്ങിമരിച്ചു

Published

|

Last Updated

deathഅബുദാബി: കടലില്‍ കളിച്ചുകൊണ്ടിരുന്ന സ്വദേശി കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ ബംഗ്ലാദേശ് സ്വദേശിനിയായ വീട്ടുവേലക്കാരി മുങ്ങി മരിച്ചു. ദബിയ ബീച്ചിലായിരുന്നു അപകടം. കുട്ടികള്‍ മുങ്ങുന്നത് കണ്ട വീട്ടുവേലക്കാരിയായ സഫിയയാണ് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചത്. ഓരോ കുട്ടിയെയും രക്ഷിച്ചെടുത്ത് സുരക്ഷിതമായ ഭാഗത്തേക്ക് എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷമായിരുന്നു ശക്തമായ ഒഴുക്കില്‍പെട്ട് സഫിയ കടലില്‍ മുങ്ങിയത്. താന്‍ കടല്‍ക്കരയിലേക്ക് ചെന്നപ്പോള്‍ സഫിയ കരയിലേക്കു നീന്താന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുമാണ് കാണാനായതെന്ന് കുട്ടികളുടെ പിതാവായ അബു അബ്ദുല്ല വ്യക്തമാക്കി.

ഞങ്ങള്‍ ശ്രമപ്പെട്ട് അവളെ കരക്കെത്തിച്ചെങ്കിലും ആംബുലന്‍സ് എത്തുമ്പോഴേക്കും മരിച്ചിരുന്നു. സഫിയ നിര്‍വഹിച്ചത് വീരോചിതമായ പ്രവര്‍ത്തിയാണ്. എന്റെ മകനെയും അവന്റെ മൂന്നു കൂട്ടുകാരെയുമാണ് രക്ഷിച്ചത്. ഞങ്ങളെല്ലാം ജീവിതം മുഴുവന്‍ അവളോട് കടപ്പെട്ടിരിക്കുന്നു. മരണത്തില്‍ അതിയായി ദു:ഖിക്കുന്നു. ആറിനും 10നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി സഫിയ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. അവളുടെ മകളുടെ കല്ല്യാണം രണ്ടു മാസം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ കുട്ടികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം വീരോചിതമാണ്. അവള്‍ ജീവന്‍ നല്‍കിയ ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. കുട്ടികള്‍ അപകടത്തില്‍ അകപ്പെട്ടപ്പോള്‍ അവള്‍ക്ക് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ ഒരു മടിയുമുണ്ടായില്ല. സഫിയയുടെ മയ്യിത്ത് സ്വദേശത്തേക്ക് എത്തിക്കുന്നതിനായി വീട്ടുകാരുമായി ബന്ധപ്പെട്ട് വരികയാണ്. വീട്ടുകാര്‍ക്ക് നല്‍കാനായി താനും രക്ഷപ്പെടുത്തിയ മകന്റെ കൂട്ടുകാരുടെ മാതാപിതാക്കളും പണം സമാഹരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.