Connect with us

Gulf

വൈറ്റമിന്‍ ഡി യുടെ അഭാവത്താലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലും ഗള്‍ഫില്‍

Published

|

Last Updated

അജ്മാന്‍: വൈറ്റമിന്‍ ഡി യുടെ അഭാവത്താലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഗള്‍ഫ് നിവാസികളില്‍ കൂടുതലായി കാണുന്നുവെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. പി സി ജേക്കബ്. സൂര്യകിരണങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കുന്നതാണ് ഇതിനു പ്രധാന കാരണം. സൂര്യതാപം ഏറെ കിട്ടുന്നതാകട്ടെ ഗള്‍ഫിലും. ഇത് വൈരുധ്യമാണ്” അദ്ദേഹം പറഞ്ഞു. ഇബിന്‍സിന മെഡിക്കല്‍ സെന്ററും അജ്മാന്‍ ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് അജ്മാന്‍ യൂനിവേഴ്‌സിറ്റി ശൈഖ് സായിദ് ഓഡിറ്റോറിയത്തില്‍ ആതുര ശുശ്രൂഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 18-ാമത് ദ്വിദിന അന്താരാഷ്ട്ര അരോഗ്യ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പരിഹാരമായി കാലത്ത് 7.30 മുതല്‍ ഒമ്പത് വരെയുള്ള സൂര്യതാപം ഏല്‍ക്കുന്നതായിരിക്കും ഗള്‍ഫില്‍ സുരക്ഷിതം. സൂര്യതാപത്തിലുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളിലൂടെയാണ് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഏറെയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വൈറ്റമിന്‍ ഡി യുടെ അപര്യാപ്തത നിമിത്തം കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിരോധ ശക്തി കുറയുന്നതിനു കാരണമാകുന്നു.
മാരകമായ ക്യാന്‍സര്‍ ഉള്‍പ്പെടെ പ്രമേഹം,അധിക രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ക്കും ഹേതുവാകുന്നു. എല്ലാറ്റിനും പുറമേ എല്ലുകളുടെ ബലത്തിനും ഉറപ്പിനും വൈറ്റമിന്‍ ഡി അനിവാര്യമാണ്. പ്ലാസ്റ്റിക് ആന്‍ഡ് എയ്‌സ്ത്തറ്റിക് സര്‍ജറി രംഗത്ത് ലോകത്തിലെ 100 പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. അലക്‌സാണ്ടര്‍ ക്രസ്‌കോവിസ്‌കി (യു എസ് എ)യും ബ്രിട്ടണില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ മെഡിക്കല്‍- ദന്തല്‍ വിഭാഗങ്ങളിലായി “വൈദ്യ ശാസ്ത്ര രംഗത്തെ പുത്തന്‍ പ്രവണതകളുംവെല്ലുവിളികളും” എന്ന വിഷയത്തെ കുറിച്ച് 20 ലേറെ പ്രഗദ്ഭരായ ഡോക്ടര്‍മാരാണ് ഇബിന്‍സിന തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ വിഷയം അവതിപ്പിച്ചത്. ആലിയ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍, മാനേജിംഗ് ഡയരക്ടര്‍ ഡോ. ഷിനു അസീസ്, ജനറല്‍ മാനേജര്‍ ശൈഖ് മുഹമ്മദ് അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. യു എ ഇ യിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തിലേറെപ്പേരാണ് ദ്വിദിന തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.

 

Latest