Connect with us

Gulf

'ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നത് വെല്ലുവിളി'

Published

|

Last Updated

ദുബൈ: ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി അബ്ദുല്ല അഹ്മദ് അല്‍ ബദരി പറഞ്ഞു. ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തിനെത്തിയ അദ്ദേഹം സിറാജുമായി സംസാരിക്കുകയായിരുന്നു.
ആഗോള ഭക്ഷ്യസുരക്ഷയെ കാര്യമായി ബാധിക്കുന്നതാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഈ പ്രവണത. 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പ്രതിദിനം പാഴാക്കിക്കളയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഭക്ഷണം കഴിക്കാനില്ലാത്ത കുഞ്ഞുങ്ങളടക്കമുള്ളവര്‍ ദുരിതമനുഭവിക്കുമ്പോഴാണ് ഇതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
“നിങ്ങളുടെ ഭക്ഷണം വെറുതെ കളയരുത്” എന്ന പ്രമേയത്തില്‍ മലേഷ്യയിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് അബ്ദുല്ല അഹ്മദ് അല്‍ ബദവി രംഗത്തെത്തിയിരിക്കുന്നത്.
യു എന്‍ ഈയിടെ പുറത്തിറക്കിയ കണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ ശരാശരി 30 ശതമാനം പാഴാക്കിക്കളഞ്ഞുകൊണ്ടിരിക്കുകയാണ്. കായ്കനികളും പഴങ്ങളും പച്ചക്കറികളും 40-50 ശതമാനവും ഇറച്ചി, പാലുല്‍പന്നങ്ങള്‍ മത്സ്യം എന്നിവ 35 ശതമാനവും എണ്ണയുല്‍പന്നങ്ങള്‍ 20 ശതമാനവും പാഴാക്കികളഞ്ഞു കൊണ്ടിരിക്കുകയാണ്. ലോക വ്യാപകമായി 31 ലക്ഷം കുട്ടികളെങ്കിലും ഭക്ഷണം കിട്ടാതെ വലയുകയാണെന്നും പഠനങ്ങള്‍ പറയുന്നു.
രണ്ടു പതിറ്റാണ്ട് മലേഷ്യന്‍ ഭരണത്തിന്റെ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച അബ്ദുല്ല അഹ്മദ് ബദവി സുതാര്യമായ ഭരണമാണ് കാഴ്ച വെച്ചിരുന്നത്. ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം നേടിയ അദ്ദേഹം ദുബൈയില്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടിയില്‍ നിറസാന്നിധ്യമായിരുന്നു.