Connect with us

Gulf

പരിശീലനം പുരോഗമിക്കുന്നു; ഹാഫിലാത്ത് കാര്‍ഡ് ജനുവരിയില്‍

Published

|

Last Updated

hafilathഅബുദാബി: ഹാഫിലാത്ത് കാര്‍ഡ് (ബസ്‌കാര്‍ഡ്) അടുത്ത വര്‍ഷം ജനുവരിയില്‍ നിലവില്‍ വരും. ചുരുങ്ങിയ ചിലവില്‍ എളുപ്പത്തില്‍ യാത്ര ചെയ്യുവാന്‍ വേണ്ടിയാണ് കാര്‍ഡ്. ഇപ്പോള്‍ നിലവിലുള്ള “ഒജ്‌റ” കാര്‍ഡ് അതോടെ ഇല്ലാതാകും. പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ലോക നിലവാരത്തിലുള്ള ഹാഫിലാത്ത് കാര്‍ഡ് ഡോട്ട് ഗതാഗത മേഖലയില്‍ നടപ്പിലാക്കുന്നത്.

ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം പുരോഗമിച്ചുവരുന്നു. അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ആശുപത്രികള്‍, ബസ് ഷെല്‍ട്ടറുകള്‍, മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലായി കാശ്‌നിറക്കുന്നതിനുള്ള മൂന്നൂറ് യന്ത്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. അബുദാബി നഗര പരിധിയില്‍ മാത്രം 70 യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ബസില്‍ കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, കറന്‍സി എന്നിവ വഴിയാണ് കാര്‍ഡില്‍ കാശ് നിറക്കാനാവുക. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും കാശ് നിറക്കാനാകും. ആദ്യഘട്ടത്തില്‍ കാര്‍ഡില്‍ കാശ് നിറക്കുവാന്‍ മറന്ന് പോയവര്‍ക്ക് ബസ് ഡ്രൈവറുടെ അടുത്ത് നിന്ന് കാശ് നിറക്കാനുള്ള സൗകര്യമുണ്ട്.
മുതിര്‍ന്നവര്‍, അംഗവൈകല്യം ബാധിച്ചവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം നിരക്കാണ് ഈടാക്കുക. നഗര പരിധിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് വാര്‍ഷിക കാര്‍ഡ്, മാസ കാര്‍ഡ് എന്നീ രീതിയിലും പ്രൊഫഷനലുകള്‍ക്ക് ഫോട്ടോ പതിച്ച കാര്‍ഡും പുറത്തിറക്കുന്നുണ്ട്. ഫോട്ടോ പതിച്ച കാര്‍ഡ് ആവശ്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വിവരങ്ങളും കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അറിയിക്കണം. പ്രൊഫഷനലുകളെ ലക്ഷ്യം വെച്ച് ഗോള്‍ഡന്‍, സില്‍വര്‍ എന്നിങ്ങനെയും കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്.
ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിനുള്ളിലെ യന്ത്രത്തില്‍ കാര്‍ഡ് പഞ്ച് ചെയ്യേണ്ടതാണ്. പരിശോധനയില്‍ കാര്‍ഡ് പഞ്ച് ചെയ്യാത്തവര്‍ക്ക് കനത്ത പിഴ ലഭിക്കും. ഇറങ്ങുമ്പോള്‍ പഞ്ച് ചെയ്യാത്തവരുടെ കാശ് നഷ്ടപ്പെടാനും ഇടയാക്കും-ഡോട്ട് അധികൃതര്‍ വ്യക്തമാക്കി. 95 റൂട്ടുകളിലായി 650 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 10 കോടി ദിര്‍ഹം ചിലവില്‍ 360 ശീതീകരിച്ച ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചു. നഗരഹൃദയത്തില്‍ പണികഴിപ്പിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം പുരോഗമിച്ചുവരുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി