Connect with us

Malappuram

നഗരസഭാ കൗണ്‍സിലര്‍മാര്‍ ഞാറ് നട്ടു

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന ഞാറ് നടീല്‍ ഉത്സവവും ഊര്‍ച്ച തൊളിയും നാട്ടുകാര്‍ക്ക് കൗതുകമായി. മാനത്ത്മംഗലം-പൊന്ന്യാകുര്‍ശ്ശി ബൈബാസിനോട് ചേര്‍ന്ന് നാല് ഏക്കറോളം വരുന്ന പാടത്ത് രാവിലെ തന്നെ കൗണ്‍സിലര്‍മാരും കൃഷിക്കാരും പാടത്തേക്കിറങ്ങി.
നെല്‍കൃഷി അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും കൃഷി സംസ്‌കാരം പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതിനും വേണ്ടി ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജിന്റെ നേതൃത്വത്തിലായിരുന്നു കൗണ്‍സിലര്‍മാര്‍ പാടത്തേക്കിറങ്ങിയത്. കൗണ്‍സിലര്‍മാര്‍ പാടത്തേക്കിറങ്ങിയപ്പോള്‍ കൂടി നിന്ന നൂറുകണക്കിന് ജനങ്ങള്‍ ഹര്‍ഷാരവത്തോടെ അവരെ സ്വീകരിച്ചു. കൃഷി ഓഫീസര്‍ മാരിയത്ത് കിബ്തിയ ഞാറ് നടീലിന് നിര്‍ദേശം നല്‍കി. പുതിയ നെല്‍വിത്തായ ഉമയാണ് കൗണ്‍സിലര്‍മാരുടെ കൂട്ടുകൃഷിക്ക് ഞാറായി ഉപയോഗിക്കുന്നത്. ജൈവകൃഷിയാണ് ഇവിടെ നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
2015 ഫെബ്രുവരിയില്‍ ഇതേ പാടത്ത് കൗണ്‍സിലര്‍മാരുടെ കൊയ്ത്ത് ഉത്സവം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഞടീലിന് മുമ്പായി പെരിന്തല്‍മണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും 30 ജോഡി കന്നുകളെ ഉപയോഗിച്ച് കര്‍ഷകന്‍ പട്ടാണി അഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ള കൃഷിക്കാരുടെ പങ്കാളിത്തത്തോടെ ഊര്‍ച്ച തൊളിയും ഞടീലിന് ആവേശമായി.
കന്നുകളെ തെളിക്കാനുള്ള വടി അദ്ദേഹത്തിന് നല്‍കി കൊണ്ടാണ് പ്രദര്‍ശന കന്നുപൂട്ട് മത്സരം ആരംഭിച്ചത്. നേരത്തെ യോഗം നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം മുഹമ്മദ്‌സലീം അധ്യക്ഷത വഹിച്ചു
. ചേരിയില്‍ മമ്മി, താമരത്ത് ഉസ്മാന്‍, ഡോ.അബൂബക്കര്‍ തയ്യില്‍, കൃഷി ഓഫീസര്‍ മാരിയത്ത്കിബ്തിയ്യ പ്രസംഗിച്ചു.