Connect with us

Malappuram

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതിഷേധ മാര്‍ച്ച് നടത്തി

Published

|

Last Updated

എടവണ്ണപ്പാറ: ചീക്കോട് കെ കെ എം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വെട്ടുപാറ മൈത്രി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധ പ്രകടനം. ചീക്കോട് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സ്‌കൂള്‍ മുറ്റത്ത് അവസാനിച്ചു. പ്രധാനധ്യാപകന് നിവേദനം നല്‍കി. ജുബൈര്‍, അബ്ദുല്‍ ഗഫൂര്‍ പാറക്കാളി നേതൃത്വം നല്‍കി.
മണ്ഡലം യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ചീക്കോട് അങ്ങാടിയില്‍ നിന്നാരംഭിച്ച് മാനേജരുടെ വീട്ടുപടിക്കല്‍ പോലീസ് തടഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് പ്രസിഡന്റ് അഭിലാഷ്, റിയാസ് ഓമാനൂര്‍, അസീസ് വെട്ടുപാറ നേതൃത്വം നല്‍കി. ആരോപണ വിധേയനായ അധ്യാപകനെ സ്‌കൂള്‍ മാനേജര്‍ ബീരാന്‍ഹാജി 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ നടപടിക്കായി ഡി ഇ ഒക്ക് കൈമാറും. ബുധനാഴ്ച ഉച്ചക്കാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ചീക്കോട് സ്വദേശി കൂടിയായ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ വാഴക്കാട് പോലീസ് കേസെടുത്തു. അധ്യാപകന്‍ ഒളിവിലാണ്.