Connect with us

Ongoing News

ബുഫണിന്റെ 500ാം മത്സരത്തില്‍ ജുവെന്റസ് വീണു

Published

|

Last Updated

മിലാന്‍: ഇറ്റാലിയന്‍ സീരി എ സീസണില്‍ ജുവെന്റസിന് ആദ്യ തോല്‍വി. ജെനോവയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യന്‍ ക്ലബ്ബിനെ ഞെട്ടിച്ചത്. തോല്‍വിയില്‍ ശരിക്കും നിരാശനായത് ജുവെന്റസ് ഗോളി ബുഫണാണ്. മുപ്പത്താറുകാരന്റെ അഞ്ഞുറാമത് ലീഗ് മത്സരമായിരുന്നു ഇത്. ജെനോവയുടെ തട്ടകത്തില്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മേധാവിത്വം തുടരാമെന്ന ജുവെന്റസിന്റെ കണക്ക് കൂട്ടലും പിഴച്ചു.
ഒമ്പത് മത്സരങ്ങളില്‍ 22 പോയിന്റോടെ ജുവെയും എ എസ് റോമയും ഇപ്പോള്‍ ഒപ്പത്തിനൊപ്പം. ലീഗില്‍ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്ന് ജെനോവ തിരിച്ചുവരവ് നടത്തുകയാണ്. തുടരെ നാലാം മത്സരത്തിലും അപരാജിതരായ ജെനോവ പതിനഞ്ച് പോയിന്റോടെ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു.
എണ്‍പത്തൊന്നാം മിനുട്ടില്‍ അലസാന്‍ഡ്രോ മാട്രിസിന്റെ ക്രോസില്‍ അന്റോനിനിയാണ് ജുവെന്റസിന്റെ പ്രതിരോധ മേഖല മറികടന്ന് പന്ത് വലയിലെത്തിച്ചത്. ഇതിന് തൊട്ടുമുമ്പ് ജുവെന്റസ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ തകര്‍പ്പന്‍ ഷോട്ട് ജെനോവ ഗോളി മാറ്റിയ പെറിന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.
അഞ്ഞൂറാം മത്സരത്തിനിറങ്ങും മുമ്പ് ട്വിറ്ററില്‍ തന്റെ ആവേശം ബുഫണ്‍ പ്രകടിപ്പിച്ചിരുന്നു. ക്യാപ്റ്റന്റെ ആംബാന്‍ഡണിഞ്ഞ് സ്‌പെഷ്യല്‍ മത്സരത്തിനിറങ്ങാന്‍ പോകുന്നുവെന്നായിരുന്നു ബുഫണ്‍ എഴുതിയത്. ജുവെന്റസിനായി ഏഴ് ലീഗ് കിരീടങ്ങളാണ് ഇതുവരെ ബുഫണ്‍ നേടിയത്.
2001 ല്‍ അന്ന് ഒരു ഗോള്‍കീപ്പര്‍ക്ക് ലഭിക്കുന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്കാണ് ബുഫണ്‍ ജുവെന്റസിലെത്തുന്നത്. ഏറ്റവുമധികം സീരി എ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ നിന്ന ഗോള്‍കീപ്പറും ബുഫണാണ്. രാജ്യാന്തര ഫുട്‌ബോളില്‍ ഇറ്റലിക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും ബുഫണ്‍ തന്നെ. ലീഗിലെ മറ്റ് മത്സരങ്ങളില്‍ എ എസ് റോമ, ഇന്റര്‍മിലാന്‍, ഫിയോറന്റീന, പാലെര്‍മോ ക്ലബ്ബുകള്‍ ജയം നേടിയപ്പോള്‍ എ സി മിലാനും നാപോളിയും എവേ മത്സരത്തില്‍ സമനില വഴങ്ങി.
റോമ 2-0ന് സെസിനെയെ തോല്‍പ്പിച്ചു. ഡെസ്‌ട്രോയും ഡി റോസിയും ഇരുപകുതികളിലായി സ്‌കോര്‍ ചെയ്തു. സാംഡോറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്റര്‍മിലാന്റെ ജയം. ഹോംഗ്രൗണ്ടില്‍ സമനിലയിലേക്ക് നീങ്ങിയ ഇന്ററിന്റെ മുഖം രക്ഷിച്ചത് തൊണ്ണൂറാം മിനുട്ടില്‍ ഇകാര്‍ഡിയുടെ പെനാല്‍റ്റി ഗോളാണ്. ഹോംഗ്രൗണ്ടില്‍ ഫിയോറന്റീന കരുത്തറിയിച്ചത് 3-0ന് ഉദിനിസെയെ തകര്‍ത്തുകൊണ്ട്. നാപോളിയെ അറ്റ്‌ലാന്റയും എ സി മിലാനെ കാഗ്‌ലിയാരിയും 1-1 മാര്‍ജിനില്‍ തളച്ചു.
മിലാന്‍, സാംഡോറിയ, ഉദിനിസെ ടീമുകള്‍ പതിനാറ് പോയിന്റുകള്‍ വീതം നേടി മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ലാസിയോ, നാപോളി, ഇന്റര്‍മിലാന്‍, ജെനോവ ടീമുകള്‍ക്ക് പതിനഞ്ച് പോയിന്റ് വീതം.