Connect with us

Malappuram

കോലളമ്പ് നിക്ഷേപ തട്ടിപ്പ്; ബേങ്ക് ലോക്കറില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

Published

|

Last Updated

ചങ്ങരംകുളം: കോലളമ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കോക്കൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്റെ ബേങ്ക് ലോക്കറില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
ചങ്ങരംകുളം എസ് ബി ടി ബേങ്കിലെ സക്കീര്‍ ഹുസൈന്റെ പേരിലുള്ള ലോക്കറിലാണ് അന്വേഷണം സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ലോക്കറില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കാലത്ത് പത്തരയോടെ ബേങ്കിലെത്തിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ പണമോ ഇടപാടുമായി ബന്ധമുള്ള രേഖകളോ ഒന്നും കണ്ടെത്താനായില്ല.
വിദേശ മലയാളികളെ ഉപയോഗപ്പെടുത്തി രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപം നടത്തി ഇടപാടുകരെ കബളിപ്പിച്ച സംഭവമാണ് കോലളമ്പ് നിക്ഷേപത്തട്ടിപ്പ്.
കേസിന്റെ അന്വേഷണം അവസാന ഘടത്തിലാണ്. തട്ടിപ്പ് നടത്തിയ പണവും സ്വര്‍ണവും സക്കീര്‍ ഹുസൈന്റെ പേരിലുള്ള ചില ബേങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ളതായി കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചിലര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേങ്ക് ലോക്കറുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ നിന്നും അനുമതി വാങ്ങുകയായിരുന്നു. എന്നാല്‍ ഏതു ബേങ്കിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് മറ്റു ചില ബേങ്ക് ലോക്കറുകള്‍ കൂടി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടിയിട്ടുണ്ട്. ചില ന്യൂജനറേഷന്‍ ബേങ്കുകളില്‍ നിക്ഷേപത്തട്ടിപ്പിന്റെ പണം സൂക്ഷിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരം ബേങ്കുകളില്‍ നിന്നും നിക്ഷേപകരുടെ വിവരം സംബന്ധിച്ചിള്ള കാര്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനും പ്രയാസമാകും.