Connect with us

Malappuram

സ്‌കൂള്‍ ബസില്‍ കൂടുതല്‍ കുട്ടികളെ കൊണ്ട് പോകുന്ന അധികൃതര്‍ക്കെതിരെ നടപടി

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ ബസുകളില്‍ അനുവദിച്ചതിലും കൂടുതല്‍ കുട്ടികളെ കയറ്റി കൊണ്ട് പോകുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യകേരളം ജില്ലാ സെല്ലില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ആര്‍ ഡി ഒ. കെ ഗോപാലന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പരാതികള്‍ അവലോകനം ചെയ്തത്. എരഞ്ഞിമാക്കല്‍, വാലില്ലാപുഴ, തെരട്ടമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലെ വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നതായി സുതാര്യ കേരളം സെല്ലില്‍ സ്വകാര്യ വ്യക്തി പരാതി നല്‍കിയിരുന്നു.
പരിചയകുറവുള്ള ഡ്രൈവര്‍മാര്‍ പഴക്കം ചെന്ന വാഹനങ്ങളിലാണ് നാല് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെ കയറ്റി യാത്ര ചെയ്യുന്നത്. പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന സ്‌കൂള്‍ ബസ്സുകളുടെ ലൈസന്‍സ്, പെര്‍മിറ്റ്, അനുവദിക്കപ്പെട്ടിട്ടുള്ള സര്‍വീസ് തുടങ്ങിയവ പരിശോധിച്ച് ചെക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആര്‍ ടി ഒ അറിയിച്ചു.
ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസുകാരുടെ പിന്തുണയോടെ ഫര്‍ണിച്ചറും പണിയായുധങ്ങളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ഡി വൈ എസ് പി അന്വേഷണം തുടങ്ങി. പൊന്നാനി സി ഐ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അനേഷ്വണം തൃപ്തികരമല്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഡി വൈ എസ് പി യെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
ചാലിയം കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ കയറാത്തത് സംബന്ധിച്ച് പ്രാദേശിക ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള പരാതിയില്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കാന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു. വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 19 വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി ഫാമും പരിസര പ്രദേശങ്ങളും ശുചീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഉടമക്ക് നിര്‍ദേശം നല്‍കി. പരിസരവാസികള്‍ സുതാര്യകേരളം സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നവംബര്‍ ഏഴിന് പഞ്ചായത്ത് ഇത് സംബന്ധിച്ച് ഹിയറിംഗ് നടത്തും.
പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ അറ്റകുറ്റപണി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അരീക്കോട് പുത്തലം ടൗണ്‍ മുതല്‍ പത്തനാപുരം വരെ റോഡിന്റെ വശങ്ങളില്‍ വിവിധ വാഹനങ്ങള്‍ അറ്റകുറ്റപണി നടത്തുന്നത് കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.
വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തുന്നതും കരി ഓയില്‍, ഗ്രീസ് തുടങ്ങിയവ റോഡിരികില്‍ ഉപേക്ഷിക്കുന്നതും കാല്‍ നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതി പോലീസിന് കൈമാറും.
ഭൂസര്‍വെ, ഭൂമിയുടെ ന്യായവില, അനധികൃത ഭൂമി കയ്യേറ്റം, നികുതി, പട്ടയം, എന്നിവ സംബന്ധിച്ച കേസുകളിലും ലാന്‍ഡ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസുകളിലും നടപടി വേഗത്തിലാക്കാന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു.

Latest