Connect with us

Kozhikode

വീടില്ലാത്ത തീരദേശ വാസികള്‍ക്ക് 490 ഫഌറ്റുകള്‍ നിര്‍മിക്കും: മന്ത്രി ബാബു

Published

|

Last Updated

പയ്യോളി: തീരദേശ മേഖലയിലെ ഭൂരഹിതര്‍ക്കും വീടില്ലാത്തവര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 49 കോടി രൂപ ചെലവഴിച്ച് 490 ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് തുറമുഖ മന്ത്രി കെ ബാബു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ പയ്യോളിയില്‍ നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിന്റെയും തീരദേശ വാര്‍ഡുകള്‍ക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് 75 ശതമാനമായി പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പയ്യോളിയില്‍ മിനി ഹാര്‍ബര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ 144 ടോയ്‌ലറ്റുകള്‍ തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ശുചിത്വം, റോഡ് വികസനം, ഭവന നിര്‍മാണം, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയുള്‍പ്പെടെ ജില്ലയില്‍ 28 കോടിയുടെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 115.63 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. മത്സ്യ വിപണനത്തിന് സ്ലാബ്, ഡ്രെയില്‍, സിങ്ക് എന്നീ സൗകര്യങ്ങളോടെ 23 ഡിസ്‌പ്ലേ സ്ലാബുകള്‍, ഐസ് യൂനിറ്റ്, ടോയ്‌ലറ്റ്, വിശ്രമമുറി, ഓഫീസ് എന്നിവ ഇതില്‍പെടും. പയ്യോളി ഗ്രാമപഞ്ചായത്തിലെ 14,15,16,17,18 വാര്‍ഡുകളില്‍ 86 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ എം രതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത്, പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുര്‍റഹ്മാന്‍, തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ അനില്‍ കളത്തില്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഡെപ്യൂട്ടി ഡയറക്ടര്‍ പി എം മറിയം ഹസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ബാലകൃഷ്ണന്‍, സി പി ഫാത്വിമ, കെ കെ പ്രേമന്‍, വി കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തീരദേശ റോഡ് നിര്‍മാണോദ്ഘാടനം 18 ാം വാര്‍ഡില്‍ ഭഗവാന്‍മുക്ക് പരിസരത്ത് മന്ത്രി നിര്‍വഹിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ വികസന കോര്‍പറേഷനാണ് ഫണ്ട് അനുവദിക്കുന്നത്. അഞ്ച് കോടി രൂപ ചെലവില്‍ മൂന്നര കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന റോഡ് തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

 

---- facebook comment plugin here -----

Latest