Connect with us

Kollam

സി പി എമ്മിന്റെ മാലിന്യ നിര്‍മാര്‍ജന കാമ്പയിന്‍ നാളെ തുടങ്ങും

Published

|

Last Updated

കൊല്ലം: മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി സി പി എമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നാളെ 74 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജനങ്ങളെയും സാമൂഹ്യസന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ശുചിത്വകേരളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് സി പി എം സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യും.
ജില്ലയിലെ മൂന്ന് മുന്‍സിപ്പല്‍ മേഖലകളിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലും കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് കേരളപ്പിറവി ദിനമായ നാളെ തുടങ്ങി ആറുമാസം നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. നാളെ കൊല്ലം, കൊല്ലം ഈസ്റ്റ് ഏരിയാകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്ത് ജില്ലാ ആശുപത്രി ശൂചികരണ പ്രവര്‍ത്തനം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, മുന്‍ എം പി പി രാജേന്ദ്രന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹനന്‍ നേതൃത്വം നല്‍കും.
അഞ്ചാലുംമൂട്ടില്‍ സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജനും കുണ്ടറയില്‍ സംസ്ഥാനകമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ സംസ്ഥാനകമ്മിറ്റിയംഗം ബി രാഘവനും കടയ്ക്കലില്‍ സംസ്ഥാനകമ്മിറ്റിയംഗം എസ് രാജേന്ദ്രനും പത്തനാപുരത്ത് കെ എന്‍ ബാലഗോപാല്‍ എം പിയും കരുനാഗപ്പള്ളിയില്‍ സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്‌കരനും നേതൃത്വം നല്‍കും. ഡിസംബര്‍ ഒന്നിന് എല്ലാ വാര്‍ഡുകളിലും ഒരു കേന്ദ്രം നിശ്ചയിച്ച് ശുചികരണ പ്രവര്‍ത്തനം സംഘടിപ്പിക്കും. 2015 ജനുവരി ഒന്നിന്് എന്റെ ഭവനം ശുചിത്വഭവനം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്റ്റിക്കറുകള്‍ എല്ലാ വീടുകളിലും പതിക്കുകയും കുടുംബാംഗങ്ങളെ ബോധവത്ക്കരിക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്യും.
ഫെബ്രുവരി ഒന്നിന് എല്ലാ തോടുകളും പൊതുകുളങ്ങളും ശൂചീകരിക്കുന്ന പ്രവര്‍ത്തനവും മാര്‍ച്ച് ഒന്നിന് മാര്‍ക്കറ്റുകളുടെയും വ്യാപാര സ്ഥാനങ്ങളുടെ ശൂചികരണവും സംഘടിപ്പിക്കും. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ സന്നദ്ധ പ്രവര്‍ത്തവര്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മാലിന്യസംസ്‌കരണം നടപ്പിലാക്കിയതിന്റെ വിലയിരുത്തല്‍ നടത്തും.

Latest