Connect with us

Kollam

ദേശീയപാതയോരത്തെ മാലിന്യം നീക്കാന്‍ നടപടിയില്ല; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published

|

Last Updated

ഇരവിപുരം: ദേശീയ പാതക്കരികില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ വടക്കേവിള സോണല്‍ ഓഫീസിലേക്ക് തള്ളികയറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഉപരോധിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സേവാദള്‍ ഇരവിപുരം ബ്ലോക്ക് ചെയര്‍മാന്‍ അയത്തില്‍ നിസാമിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സേവാദള്‍ പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ വടക്കേവിള സോണല്‍ ഓഫീസിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ക്യാബിനിലേക്ക് തള്ളികയറി ഉപരോധ സമരം നടത്തിയത്. ദേശിയപാതയില്‍ വെണ്ടര്‍മുക്കിനും മാടന്‍ നടയ്ക്കും ഇടയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
കൂടാതെ പല ഓടകളും മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധമായി കിടന്നിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഓടകള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാക്കണമെന്നും ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ വിവരം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമെന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഉറപ്പിന്‍ മേല്‍ ഉച്ചയോടെ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു. ഷാജി പറങ്കിമാംവിള, അഫ്‌സല്‍ തമ്പോര്, അയത്തില്‍ ഷാജഹാന്‍, മനക്കര സൈന്‍, സലാഹുദ്ദീന്‍, ഗഫൂര്‍ കൂട്ടുവിള, യഹിയാ കൂട്ടിക്കട, അബ്ദുല്‍ റഷീദ്, നൗഷാദ്, അയത്തില്‍ ശ്രീകുമാര്‍, ഫൈസല്‍ അയത്തില്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

Latest