Connect with us

Palakkad

പരീക്ഷ കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: കോളജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ നാട്ടിലേക്ക് തിരിച്ച സുഹൃത്തുക്കളുടെ യാത്ര അന്ത്യയാത്രയായി. മണ്ണാര്‍ക്കാട്-പാലക്കാട് റോഡില്‍ വിയ്യക്കുറുശ്ശി പഴയ മാര്‍ക്കറ്റിനു സമീപമുണ്ടായ അപകടത്തിലാണ് മലപ്പുറം സ്വദേശികളായ വെസ്റ്റ് കോഡൂര്‍ പണ്ടാര അറക്കല്‍ സഫീറിന്റെ മകന്‍ അഹമ്മദ് അമീന്‍, മുണ്ടുപറമ്പ് പാരി വീട്ടില്‍ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ മകന്‍ ജാഫര്‍ ഷെരീഫ് എന്നിവര്‍ വ്യാഴാഴ്ച ഉച്ചക്കുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. വിദേശത്ത് നിന്നും നാട്ടില്‍ എത്തുന്ന സഹോദരി ജാസ്മിന്റെ ഭര്‍ത്താവ് യൂനിസെന്ന കുട്ടിപ്പയെ കാണാന്‍വേണ്ടിയാണ് ജാഫര്‍ ഷെരീഫ് സുഹൃത്ത് അഹമ്മദ് അമീനുമൊത്ത് സ്‌കൂട്ടറില്‍ യാത്ര തിരിച്ചത്.
കോയമ്പത്തൂരിലെ പിച്ചനൂരിലെ കോളജില്‍ നിന്നും രണ്ടാം സെമസ്റ്ററിന്റെ അവസാന പ്രാക്റ്റിക്കല്‍ പരീക്ഷകഴിഞ്ഞാണ് മൂന്ന് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് മടങ്ങിയത്. ജെ സി ടി എന്‍ജിനീയറിംങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംങ് രണ്ടം വര്‍ഷ വിദ്യാര്ത്ഥികളാണിരുവരും. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും താമസവും ഒന്നിച്ചാണ്. മാത്രമല്ല നാട്ടിലേക്കും തിരിച്ച് കോളജിലേക്കുമുളള ഇരുവരുടെയും യാത്രക്കളും ഒന്നിച്ചായിരുന്നു. ഈ യാത്രയാണ് അന്ത്യയാത്രയായത്. വീട്ടിലെ ഏക ആണ്‍തരികൂടിയാണ് ജാഫര്‍ ഷെരീഫ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡരികിലെ ചെളിയില്‍ തെന്നിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇരുവരും ബൈക്ക് സഹിതം ലോറിക്കടിയില്‍പ്പെട്ടു.
തലക്കാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മരണ വാര്‍ത്തയറിഞ്ഞ് സഹപാഠികളും സുഹൃത്തുകളും ബന്ധുക്കളുമായി നിരവധിപേരാണ് ആശുപത്രിയിലെത്തി.