Connect with us

Thrissur

ഭൂചലന നിരീക്ഷണ കേന്ദ്രം വര്‍ഷങ്ങളായി ഉപയോഗശൂന്യം

Published

|

Last Updated

ദേശമംഗലം: തലശ്ശേരിയില്‍ 1998 ല്‍ ഉദ്ഘാടനം ചെയ്ത ഭൂചലന നിരീക്ഷണ കേന്ദ്രം ഉപയോഗ ശൂന്യമായി കിടക്കുന്നു. ചുറ്റും കാട് പിടിച്ച് ഇഴജന്തുക്കളുടെ സിരാ കേന്ദ്രമായിരിക്കുകയാണ് ഈ കെട്ടിടം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഒരു ശ്രദ്ധയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇവിടുത്തെ കാട് വെട്ടി ഇഴജന്തുക്കളുടെ ശല്ല്യമെങ്കിലും ഇല്ലാതാക്കാനൊ അധികൃതര്‍ തയ്യാറാവുന്നില്ല. ചുറ്റുഭാഗവും താമസിക്കുന്ന വീട്ടുകാര്‍ക്ക് രാത്രി സമയങ്ങളില്‍ കള്ളമ്മാരെ ഭയക്കാനും ഇത് കാരണമാവുന്നു.
1993-94 വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കാര്യമായ വിള്ളലുകള്‍ സംഭവിച്ച് വളരെ ഭീതിയിലായിരുന്നു അന്ന് ഈ പ്രദേശത്തുകാര്‍. പലരും ഷെഡ് കെട്ടി താമസിക്കുകയും കുടുംബങ്ങളിലേക്ക് ചേക്കേറുകയും ചെയ്തവരുണ്ട്. തളി, വരവൂര്‍, തലശ്ശേരി, പള്ളം, ദേശമംഗലം ഭാഗങ്ങളിലാണ് ഭുചലനം ശക്തിപ്പെട്ടത്. ഇന്നും ഇവിടുത്തുകാര്‍ക്ക് ആ ഭീതി വിട്ടുമാറിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ ഭൂചലനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലം കണ്ടത്താനായിരുന്നു ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്.
ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമിയുടെ അധ്യക്ഷതയില്‍ അന്നത്തെ ഒറ്റപ്പാലം എം പി അജയകുമാറായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നാക്ക വിഭാഗ യുവജന ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാ കൃഷ്ണനും മറ്റുപ്രമുഖരും സംബന്ധിച്ചതായിരുന്നു പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മവും.