Connect with us

National

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു

Published

|

Last Updated

fadnavis

മുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് മുംബൈയിലെ വാംഖഡേ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ഫട്‌നാവിസ് അടക്കം എട്ട് കാബിനറ്റ് മന്ത്രിമാരുള്ള പത്ത് അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ബി ജെ പി കോര്‍ കമ്മിറ്റി അംഗങ്ങളായ ഏക്‌നാഥ് ഖഡ്‌സെ, സുധീര്‍ മുംഗാണ്ടിവാര്‍, വിനോദ് തൗഡി, പങ്കജ മുണ്ഡേ, പ്രകാശ് മെഹ്ത, പാല്‍ഖര്‍ ജില്ലയിലെ ഗോത്ര നേതാവായ വിഷ്ണു സാവ്ര, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍. ഇവരെ കൂടാതെ ദിലീപ് കാംബ്ലേ, വിദ്യാ ഠാക്കൂര്‍ എന്നിവര്‍ സഹ മന്ത്രിമാരായും ചുമതലയേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗാഡ്കരി, വെങ്കയ്യ നായിഡു, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചതിനെ തുടര്‍ന്നാണ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അവസാന നിമിഷം ചടങ്ങില്‍ പങ്കെടുത്തത്. ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് കുറച്ച് സമയത്തിന് ശേഷമാണ് ഉദ്ധവ് താക്കറെ എത്തിയത്. മന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ശിവസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അധികാരമേറ്റ് 15 ദിവസത്തിനകം ബി ജെ പി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കണം. 288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121 അംഗങ്ങളാണുള്ളത്. രാഷ്ട്രീയ സമാജ് പക്ഷയുടെ ഒരംഗം ബി ജെ പി മുന്നണിയിലാണ്. സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 12 പേരുടെ പിന്തുണ ബി ജെ പിക്കുണ്ട്. ശിവസേനക്ക് 63 എം എല്‍ എമാരാണുള്ളത്. സര്‍ക്കാറിനെ പുറത്തുനിന്നു പിന്തുണക്കാന്‍ തയാറാണെന്ന് 41 അംഗങ്ങളുള്ള എന്‍ സി പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സഖ്യകക്ഷിയെ സംബന്ധിച്ചുള്ള തീരുമാനം ബി ജെ പി വ്യക്തമാക്കിയിട്ടില്ല. ശിവസേന പിന്തുണ നല്‍കാതിരിക്കുന്നിടത്തോളം ബി ജെ പി സര്‍ക്കാര്‍ സാങ്കേതികമായി ന്യൂനപക്ഷമാണ്.
മഹാരാഷ്ട്രയിലെ രണ്ടാമത്തെ ബ്രാഹ്മണനായ മുഖ്യമന്ത്രിയാണ് ഫട്‌നാവിസ്. ജനസംഘത്തിലൂടെ വന്ന് പിന്നീട് ബി ജെ പി നേതൃനിരയിലേക്ക് ഉയര്‍ന്ന ഗംഗാധര്‍ ഫട്‌നാവിസിന്റെ മകനാണ് ദേവേന്ദ്ര ഫട്‌നാവിസ്. അച്ഛന്റെ മകന്‍ എന്ന നിലയില്‍ എ ബി വി പിയുടെ നേതൃനിരയിലേക്ക് എത്തിച്ചേരാന്‍ ദേവേന്ദ്രക്ക് ഒരു പ്രയാസവും ഉണ്ടായില്ല. പിന്നെ നേരെ യുവമോര്‍ച്ച സംസ്ഥാന സമിതിയില്‍. 22ാം വയസ്സില്‍ നാഗ്പൂര്‍ കോര്‍പറേഷനില്‍ കൗണ്‍സിലറായി. 1997ല്‍ 27ാം വയസ്സില്‍ കോര്‍പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറും. 1999ല്‍ ആദ്യ അങ്കത്തില്‍ തന്നെ നിയമസഭയില്‍ എത്തി. പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന്റെ ശക്തനായ വക്താവായ ഫട്‌നാവിസ് നാഗ്പൂരില്‍ നിന്ന് മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയെങ്കിലും മന്ത്രിയായിട്ടില്ല. ഇപ്പോള്‍ നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. നിയമത്തില്‍ ബിരുദവും ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.

---- facebook comment plugin here -----

Latest