Connect with us

Ongoing News

ബംഗളൂരു സ്വദേശിനിയുടെ കൊല: കാമുകന് ജീവപര്യന്തം

Published

|

Last Updated

മാവേലിക്കര: ബംഗളൂരു സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും. ബംഗളുരു നേലമംഗലം നിജഗള കെമ്പഹള്ളി 12 ബെറ്റാഡ് ഹോസഹള്ളില്‍ മഞ്ജുവിനെ (31) മുഖത്തും വയറ്റിനും ചെരിപ്പിട്ട് ചവിട്ടുകയും പാറക്കല്ലുകൊണ്ട് ഇടിച്ചും കൊലപെടുത്തിയ കേസിലാണ് തമിഴ്‌നാട് വേളാങ്കണ്ണി പുത്തന്‍പുരയില്‍ ജോണ്‍സന്റെ മകന്‍ സേവ്യറിന് (42) ജീവപര്യന്തം കഠിന തടവിനും 25,000 രൂപ പിഴയും മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ കെ സുജാത ശിക്ഷ വിധിച്ചത്.
പിഴ തുക കൊല്ലപ്പെട്ട യുവതിയുടെ മക്കള്‍ക്ക് നല്‍കണം. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരിക്കുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വെയിറ്റിംഗ് ഷെഡ്ഡില്‍ 2013 ജൂലൈ ആറിന് രാത്രി 7.30നായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട മഞ്ജു ബംഗളുരു സ്വദേശി ചിന്നസ്വാമിയെ വിവാഹം കഴിച്ചതില്‍ മൂന്ന് കുട്ടികളുണ്ട്. ഇവര്‍ കുടുംബമായി കഴിയവെ സേവ്യറുമായി പ്രണയത്തിലായി. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് സേവ്യറിനൊപ്പം ഒളിച്ചോടി കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചു. സേവ്യറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരിക്കെയാണ് മഞ്ജുവുമായി പ്രണയത്തിലായത്. ഇതോടെ സേവ്യര്‍ ആദ്യ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം സേവ്യറും മഞ്ജുവും കായംകുളത്തും പരിസരങ്ങളിലുമായി കേരള ലെപ്രസി പേഷന്റ് ഹെല്‍പ്പിംഗ് സൊസൈറ്റി ഐഡന്റിറ്റി കാര്‍ഡുമായി പണപിരിവ് നടത്തിയാണ് കഴിഞ്ഞിരുന്നത്.
സംഭവ ദിവസം മദ്യപിച്ചെത്തിയ സേവ്യര്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ കിടക്കുകയായിരുന്ന മഞ്ജുവുമായി വഴക്കു കൂടുകയും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സേവ്യറിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ തന്നെ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ചു. 16 തൊണ്ടി മുതലുകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ് രമണന്‍പിള്ള ഹാജരായി.

 

Latest